തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തില്‍ പുതി ചരിത്രമെഴുതിയാണ് ആര്‍ ശ്രീലേഖ ഡി ജി പി പദവിയിലെത്തിയത്. കേരള പൊലീസിലെ ആദ്യ വനിതാ ഡിജിപി എന്ന വിശേഷണും ശ്രീലേഖയ്ക്ക് സ്വന്തം.

ജയില്‍ മേധാവി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാണ് സംസ്ഥാന പൊലീസിലെ ഉന്നതപദവിയിലേക്ക് ശ്രീലേഖ എത്തിയത്. വിജിലന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.

ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍

കേരള പൊലീസിലെത്തിയ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന ചരിത്രം കുറിച്ചുകൊണ്ട് 1988 ലാണ് ശ്രീലേഖ കടന്നുവന്നത്.

കോട്ടയത്ത് എഎസ്പിയായ ശ്രീലേഖയുടെ ഔദ്യോഗിക ജീവിതം എന്നും മാതൃകാപരമായിരുന്നു. 1991ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പിയെന്ന ഖ്യാതിയോടെ തൃശൂരില്‍ ചുമതലയേറ്റു.

സംസ്ഥാന പൊലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന പലപ്പോഴും ഉറക്കെപറഞ്ഞിട്ടുള്ള ശ്രീലേഖ മികച്ച ഉദ്യോഗസ്ഥയെന്നതിനപ്പുറം സാമൂഹിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നിയിട്ടുണ്ട്.

ശ്രീലേഖയ്ക്ക് പുറമെ മുന്ന് എഡിജിപി മാര്‍ക്കും ഡിജിപി പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ടോമിന്‍ ജെ.തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുധേശ് കുമാര്‍ എന്നിവര്‍ക്കാണു ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. 2016 17 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരൂമാനിച്ചു.