മോഡിണോമിക്സ് വന്‍ പരാജയമാകുമ്പോള്‍

2014 മെയ് മാസത്തില്‍ അധികാരത്തിലേറുമ്പോള്‍ രാജ്യം പുതിയ സാമ്പത്തികതലങ്ങളിലേക്ക് ഉയരും. അതില്‍ മോഡിയുടെ സാമ്പത്തിക നയരൂപീകരണത്തിന് പ്രധാന പങ്കുണ്ടാകും തുടങ്ങി നിരവധി പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് മോഡിണോമിക്സ് ഒരു തരംഗമാക്കപ്പെട്ടത്.

മോഡിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ തുടര്‍ച്ചയായ പരാജയമാണ് കഴിഞ്ഞ 40 മാസങ്ങളില്‍ രാജ്യം സാക്ഷ്യംവഹിച്ചത്.

മോഡിസര്‍ക്കാരിന്റെ ധവളപത്രം ഉയര്‍ത്തിപ്പിടിച്ചതൊന്നും നിറവേറ്റിയിട്ടില്ല എന്നിരിക്കെ, സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് അവകാശപ്പെട്ട നോട്ട് നിരോധനവും ജിഎസ്ടിയും തികഞ്ഞ പരാജയമാണെന്ന വാര്‍ത്തകളും പുറത്തുവന്നു.

ഈ സാഹചര്യത്തില്‍ മോഡിണോമിക്സ് സമ്പൂര്‍ണ പരാജയമാണോ എന്ന വസ്തുതാപരമായ അന്വേഷണം പ്രസക്തമാണ്.

ഉയര്‍ത്തിക്കാണിച്ച മുദ്രാവാക്യങ്ങള്‍

രണ്ടാം യുപിഎയില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിന് ഉയര്‍ത്തിക്കാണിച്ച മുദ്രാവാക്യങ്ങളാണ് വിലവര്‍ധന നിയന്ത്രണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും, വ്യാവസായിക കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി, രാജ്യപുരോഗതി അഥവാ ജിഡിപി വളര്‍ച്ച മെച്ചപ്പെടുത്തല്‍, അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കല്‍, മെച്ചപ്പെട്ട കേന്ദ്ര- സംസ്ഥാന ബന്ധം തുടങ്ങിയവ.

40 മാസത്തിനുശേഷവും ഈ മുദ്രാവാക്യങ്ങള്‍ സംബോധന ചെയ്യാനാകാതെ തുടരുന്നു. ഇതിനുപുറമെയാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൂനിന്മേല്‍ കുരുവായി ജനങ്ങളുടെമേല്‍ ഭവിച്ചത്. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വെളിച്ചത്തില്‍ ഈ വസ്തുതകള്‍ പരിശോധിക്കുന്നതാണ് ഉചിതം.

ആദ്യമായി വിലവര്‍ധനസൂചിക പരിശോധിക്കാം. ഇതിനായി രണ്ട് സൂചികകളാണ് നാം പരിശോധിക്കേണ്ടത്. മൊത്തവ്യാപാര വിലസൂചികയും ഉപഭോക്തൃ വിലസൂചികയും. മൊത്തവ്യാപാര വിലസൂചിക പരിശോധിച്ചാല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ആനുപാതികമായി വര്‍ധിക്കുന്നത് കാണാം.

ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രാഥമികോല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വന്‍തോതിലുള്ള വളര്‍ച്ചയാണ്.

2013 അപേക്ഷിച്ച് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ധന ശരാശരി മൂന്ന് ശതമാനത്തിനുമുകളിലായിരിക്കുമ്പോള്‍, പ്രാഥമികോല്‍പ്പന്നങ്ങളായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മാംസ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, കാപ്പി തുടങ്ങിയവയ്ക്കെല്ലാം ഉയര്‍ന്നതോതിലുള്ള വിലവര്‍ധനയാണ് (ശരാശരി 7.2 ശതമാനം വളര്‍ച്ച) മൊത്തവ്യാപാര സൂചികയില്‍ രേഖപ്പെടുത്തുന്നത്.

ഇതില്‍തന്നെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം താരതമ്യേന ദുര്‍ബലമാണെന്നാണ് സര്‍ക്കാര്‍കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്തൃ വിലസൂചിക പരിശോധിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാകും.

നോട്ട് നിരോധനവും പണപ്പെരുപ്പവും

നോട്ട് നിരോധനം അതിന്റെ ആദ്യ മൂന്നുമാസങ്ങളില്‍ പണപ്പെരുപ്പം കുറച്ചു. ഇതിന്റെ യുക്തി വളരെ വ്യക്തമായി നാം അടുത്തറിഞ്ഞതാണ്. പണം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം ഉണ്ടാകില്ലെന്നത് സാമാന്യ യുക്തിയാണ്.

ഉപഭോക്തൃസൂചിക പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. എന്നാല്‍, 2017 ജനുവരിക്കുശേഷം ഉപഭോക്തൃസൂചിക കുത്തനെ ഉയരുന്നത് കാണാം. ഇത് സൂചിപ്പിക്കുന്നത്, നോട്ട് നിരോധനപൂര്‍വ ഇന്ത്യ കടുത്ത വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്നു എന്ന വസ്തുതയാണ്.

ഇതുകൂടാതെ ജൂലൈ, ആഗസ്ത് മാസങ്ങളിലെ വിലയുടെ കുതിച്ചുകയറ്റം, ജിഎസ്ടി ഏര്‍പ്പെടുത്തിയതിന്റെകൂടി ഫലമായിവേണം കരുതാന്‍.

ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ കുറയുമെന്ന പ്രചാരണത്തിനുവിരുദ്ധമായി വിലവര്‍ധനയാണ് നാം നേരിടുന്നത്. ചുരുക്കത്തില്‍ രാജ്യം നേരിടുന്ന വിലക്കയറ്റത്തെ തടയുന്നതില്‍ മോഡിണോമിക്സ് പരാജയമാണെന്ന് കാണാം.

തൊഴിലില്ലായ്മ

അടുത്തതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന വാഗ്ദാനം എപ്രകാരമാണ് മാറിയതെന്ന് പരിശോധിക്കാം. അഞ്ചാം തൊഴില്‍രഹിത സര്‍വേപ്രകാരം രാജ്യത്തെ തൊഴില്‍രാഹിത്യം മോഡിസര്‍ക്കാര്‍ അധികാരത്തിലേറുന്നതിനുമുമ്പുള്ളതിനേക്കാള്‍ കൂടിയതായാണ് കാണിക്കുന്നത്.

ഇത് 2013-14 കാലത്ത് 4.9 ശതമാനമായിരുന്നത് 2015-16 കാലത്ത് അഞ്ചുശതമാനമായി ഉയര്‍ന്നു. രണ്ടാം യുപിഎ കാലത്തെ ഈ ഉയര്‍ന്ന തൊഴിലില്ലായ്മ ബിജെപി ആയുധമാക്കിയാണ് അധികാരത്തിലേറിയത്.

2017 സെപ്തംബര്‍ അവസാനത്തോടെ വരുമെന്ന് പ്രതീക്ഷിക്കുന്ന ആറാംസര്‍വേ ഫലത്തില്‍ തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല. കാരണം ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ നീണ്ടുനില്‍ക്കുന്ന സര്‍വേയില്‍ നോട്ട് നിരോധനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇതിനാല്‍ രാജ്യം വരുംദിനങ്ങളില്‍ കൂടുതല്‍ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തും. കണക്കില്‍ നേരിയ വര്‍ധനയാണെങ്കിലും യഥാര്‍ഥ സമ്പദ്വ്യവസ്ഥയില്‍ കാര്യമായ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുന്നത്.

കഴിഞ്ഞ 40 മാസത്തെ നിക്ഷേപം മനസ്സിലാക്കുന്നതിന് ‘മൊത്തം മൂലധന സ്വരൂപീകരണ’ സൂചികയാണ് പരിശോധിക്കേണ്ടത്. ഈ സൂചികപ്രകാരം 2008ലുണ്ടായ ആഗോള സാമ്പത്തികപ്രതിസന്ധിക്കുശേഷം രാജ്യത്തെ നിക്ഷേപത്തില്‍ കാര്യമായ കുറവാണ് സംഭവിച്ചത്.

നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ യുപിഎയേക്കാള്‍ മിടുക്കര്‍ തങ്ങളാണെന്നും ഗുജറാത്ത് മോഡല്‍ വികസന നായകന്‍ നേതൃത്വം നല്‍കിയാല്‍ നിക്ഷേപത്തിലും അതുവഴി സംരംഭകത്വത്തിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്ന അവകാശവാദമാണ് ഇവിടെ തകരുന്നത്.

ലോകബാങ്കിന്റെ കണക്കുപ്രകാരം മോഡിസര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നിക്ഷേപവളര്‍ച്ച 2005നേക്കാള്‍ കുറവാണ്. അതായത് രാജ്യവികസനം കൂടുതല്‍ മന്ദീഭവിക്കുന്നു എന്നു ചുരുക്കം.

മൊത്ത മൂലധന സ്വരൂപീകരണത്തിലെ മന്ദത യുപിഎ കാലത്തിനേക്കാള്‍ കൂടിയ തോതിലാണെന്നത് കൂടുതല്‍ ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്നു. ഇത് പ്രധാനമായും തകര്‍ക്കുന്നത് കാര്‍ഷിക വ്യാവസായിക മേഖലകളെയാണ്.

വ്യാവസായികോല്‍പ്പാദന സൂചിക 2016 ജൂണില്‍ ഏഴുശതമാനമായിരുന്നത് നവംബറിലെ നോട്ട് നിരോധനാനന്തരം 2017 ജൂണില്‍ പൂജ്യം പിന്നിട്ടു.

അതായത് ഉല്‍പ്പാദനമേഖല പരിപൂര്‍ണമായും സ്തംഭിച്ചു എന്ന്, ദേശീയ ധനമന്ത്രാലയത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രതിമാസറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ പിന്നോട്ടടിക്കല്‍ രാജ്യത്തിന്റെ മൊത്തം സാമ്പത്തികഭദ്രതയെത്തന്നെ തകിടംമറിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ ജനസമക്ഷം പ്രസിദ്ധീകരിച്ചിരിക്കെ ധനമന്ത്രി ജെയ്റ്റ്ലിയുടെ പ്രസ്താവനകള്‍ ഉല്‍ക്കണ്ഠാകുലമാണ്.

കൂടുതല്‍ വ്യക്തമായ ചിത്രം കുറഞ്ഞുകൊണ്ടിരിക്കുന്ന മൊത്തം ആഭ്യന്തരോല്‍പ്പാദന (ജിഡിപി) കണക്കുകള്‍ പരിശോധിച്ചാല്‍ ലഭിക്കുന്നതാണ്.

നോട്ട് നിരോധനം

നോട്ട് നിരോധിക്കുമ്പോള്‍ രാജ്യത്ത് ഏകദേശം 16.42 ട്രില്യണ്‍ (16.42 ലക്ഷം കോടി) രൂപയാണ് പ്രചാരത്തിലിരുന്നതെന്ന് 2016 മാര്‍ച്ചുവരെയുള്ള കണക്ക് പ്രതിപാദിച്ച് ആര്‍ബിഐ പ്രസ്താവിച്ചു. അതിന്റെ 86 ശതമാനം നിരോധിച്ച 500ഉം 1000ഉം നോട്ടുകളാണ്.

ഇത് 14.18 ട്രില്യണ്‍ രൂപവരും. എന്നാല്‍, 2016 ഡിസംബര്‍ 30 വരെ അനുവദിച്ച സമയത്ത് ഏകദേശം 14.97 ട്രില്യണ്‍ രൂപ തിരിച്ചെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സര്‍ക്കാര്‍പക്കലുണ്ടായിരുന്ന കണക്കിനേക്കാള്‍ അഞ്ചുശതമാനം കൂടുതലാണ്.

ഒരുപാട് തിരുത്തലുകള്‍ക്കൊടുവില്‍ മൊത്തം നിരോധിച്ച നോട്ടുകള്‍ 15.44 ട്രില്യണാണെന്നും അതില്‍ 15.28 ട്രില്യണ്‍ തിരിച്ചെത്തിയെന്നും 2017 ആഗസ്തില്‍ പുറത്തുവന്ന ആര്‍ബിഐ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു. 12,000 കോടി രൂപമാത്രമാണ് ഇനി തിരിച്ചുവരാനുള്ളത്.

നൂറുശതമാനം നോട്ടുകളും കണക്കനുസരിച്ച് വെള്ളപ്പണമാണെന്ന് സാരം. ഇവിടെ ഈ തുകയെങ്കിലും സര്‍ക്കാരിന് ഇല്ലായ്മ ചെയ്യാനായില്ലേ എന്നു ചിന്തിക്കുന്ന ഉദാരമതികള്‍ക്കുവേണ്ടി ഒരു ഊഹക്കണക്ക് അവതരിപ്പിക്കാം. പ്രവാസികളുടെ കേരളത്തില്‍ ഈ കണക്കുകള്‍ ഊഹമല്ലെന്ന് ഉടന്‍ വ്യക്തമാകും.

ഇന്ത്യയില്‍നിന്ന് മൂന്നുകോടി പ്രവാസികളുണ്ടെന്നാണ് വിദേശമന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികള്‍ 1000ഉം 500ഉം രൂപകള്‍ തങ്ങളുടെ പക്കല്‍ സൂക്ഷിക്കുന്നത് സ്വാഭാവികമാണ് (അത് നിയമവിരുദ്ധമാണെങ്കിലും). ഈ കരുതല്‍, മടങ്ങിവരുമ്പോള്‍ ഉപയോഗിക്കാനാണ് എന്നിരിക്കട്ടെ.

അതിനാല്‍ ശരാശരി രണ്ട് 1000 രൂപയും രണ്ട് 500 രൂപയും ഓരോരുത്തരും സൂക്ഷിച്ചാല്‍തന്നെ 9000 കോടിവരും. കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇനിയും ഇന്ത്യന്‍ രൂപ എത്തിയിട്ടുമില്ല.

അങ്ങനെയെങ്കില്‍ എവിടെയാണ് കള്ളപ്പണം? മുന്‍ ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍പ്രകാരം ഒന്നുമുതല്‍ മൂന്നുശതമാനംവരെ കള്ളപ്പണം ഓരോ വര്‍ഷവും നിലനില്‍ക്കുന്ന നോട്ടുകളോടൊപ്പം ചേരുമെന്നാണ്.

ഇതിന്റെ സാംഗത്യം വ്യക്തമല്ലെങ്കിലും അങ്ങനെയാണെങ്കില്‍ കള്ളപ്പണവേട്ട വെള്ളപ്പണ നിര്‍മിതിയിലേക്കല്ലേ എത്തിച്ചത്. 2016ല്‍നിന്ന് 2017ലെ റിപ്പോര്‍ട്ടിലേക്കെത്തുമ്പോള്‍ എട്ടുശതമാനം നോട്ടുവര്‍ധന മുന്‍ ചോദ്യത്തെ പ്രസക്തമാക്കുന്നു.

രാജ്യത്തിന്റെ ബ്ളാക്ക് ഇക്കോണമിയുടെ കേവലം ആറുശതമാനത്തിലും താഴെയാണ് പണമായി സൂക്ഷിക്കുന്നതെന്നും ബാക്കി ബിനാമിവസ്തുക്കള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, മറ്റു നിക്ഷേപങ്ങള്‍ തുടങ്ങിയ മൂല്യങ്ങളിലാണെന്നും 2012ലെ കേന്ദ്ര നികുതിവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നോട്ട് നിരോധനവും അതിന്റെ ഉദ്ദേശ്യശുദ്ധിയും നിസ്സംശയം സന്ദേഹിക്കപ്പെടേണ്ടതുണ്ട്.

ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി നിലവില്‍വന്നപ്പോള്‍ സാധനങ്ങളുടെ വില കുറയുമെന്ന് നാം പ്രതീക്ഷിക്കുമ്പോള്‍ വിലക്കയറ്റത്തിനാണ് നാം സാക്ഷ്യംവഹിച്ചത്.

ഈ പ്രതിഭാസത്തിന് കാരണം ജൂലൈ ഒന്നിന് മാര്‍ക്കറ്റില്‍ ലഭ്യമായ ചരക്കുകള്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പ് ഉല്‍പ്പാദന യൂണിറ്റില്‍നിന്ന് വ്യത്യസ്ത പ്രദാന ശൃംഖലയിലൂടെ മാര്‍ക്കറ്റില്‍ ലഭ്യമായതാണ്.

ഇതിനര്‍ഥം ഇവ അതുവരെ സഞ്ചരിച്ച വിവിധ ഘട്ടങ്ങളില്‍ എക്സൈസ്, വാറ്റ് തുടങ്ങിയ വിവിധതരം ഉല്‍പ്പാദന വിനിമയ നികുതികള്‍ ഈടാക്കപ്പെട്ടവയാണ്.

ഇത് എപ്രകാരം ഇന്‍പുട്ട് ക്രെഡിറ്റായി കച്ചവടക്കാര്‍ക്കും ഉല്‍പ്പാദകര്‍ക്കും ലഭിക്കുമെന്നതിലെ അവ്യക്തതയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള വിലയുടെ മുകളില്‍ ജിഎസ്ടി എന്ന പേരില്‍ അധികമായി കച്ചവടക്കാര്‍ ഈടാക്കിയത്.

കൂടാതെ വ്യത്യസ്ത സ്ളാബുകളിലുള്ള നികുതി ഉല്‍പ്പാദനത്തില്‍ അസംസ്കൃതവസ്തുക്കളുടെ വിലയും ഉല്‍പ്പന്നമാക്കപ്പെടുന്നതിന്റെ വിലയും തമ്മിലുള്ള മിസ്മാച്ച് കൂടുതല്‍ രൂക്ഷമാക്കി.

തുഗ്ളക്കിയന്‍ രീതിശാസ്ത്രം

ഇതിലെ രൂക്ഷത അവ്യക്തതയാകുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ് ഉല്‍പ്പാദകരും വിപണനക്കാരും ചെയ്യുന്നത്. രണ്ടായാലും സാധന സേവനങ്ങളുടെ വില ഉയരുമെന്നത് സാമാന്യ സാമ്പത്തികയുക്തിയാണ്.

ഇതുപോലും മനസ്സിലാക്കാതെയുള്ള കൊണ്ടുപിടിച്ചുള്ള തീരുമാനങ്ങള്‍ തുഗ്ളക്കിനെപ്പോലും നാണിപ്പിക്കുന്നതാണ്. മോഡിണോമിക്സിന്റെ പരാജയവും ഈ തുഗ്ളക്കിയന്‍ രീതിശാസ്ത്രമാണ്.

ഇതിന്റെ വില കടുത്തതും ജനദ്രോഹപരവുമാണ്. ‘ചരിത്രം ആവര്‍ത്തിക്കുന്നത് ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും’ ആണെന്ന മാര്‍ക്സിയന്‍ ദര്‍ശനം ഈ സാഹചര്യത്തില്‍ അനുഗുണവും അതേസമയം ഉല്‍ക്കണ്ഠാകുലവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News