ചേരിതിരിവും അഭിപ്രായവ്യത്യാസങ്ങളും പ്രതിഫലിപ്പിച്ച് യുഡിഎഫ് വേങ്ങര കണ്‍വന്‍ഷന്‍; ആവേശമില്ലാതെ പ്രാദേശിക നേതാക്കളും

മലപ്പുറം: സ്ഥാനാര്‍ഥി എത്തിയിട്ടും പതിവ് ആരവങ്ങളും ആവേശവുമില്ലാതെ വേങ്ങര യുഡിഎഫ് കണ്‍വന്‍ഷന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ച് ലീഗില്‍ ഉടലെടുത്ത ചേരിതിരിവും അഭിപ്രായ വ്യത്യാസങ്ങളും കണ്‍വന്‍ഷനില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ എത്തിയെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അത്രആവേശം കാണിച്ചില്ല.

പിന്‍നിരയിലേക്ക് മാറി കെപിഎ മജീദ് 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപമാനിതനായി പിന്‍വാങ്ങിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് യോഗത്തിന്റെ പിന്‍നിരയിലേക്ക് മാറിയിരുന്നു. എംപി വീരേന്ദ്രകുമാര്‍, എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ എത്തിയതുമില്ല. ജില്ലയിലെ ലീഗ് എംഎല്‍എമാരില്‍ പികെ അബ്ദുറബ്ബും മഞ്ഞളാംകുഴി അലിയും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

സംസാരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് സംസ്ഥാന ജാഥയ്ക്കാണ് ഊന്നല്‍ നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പിപി തങ്കച്ചന്‍, സ്ഥാനാര്‍ഥി അഡ്വ. കെഎന്‍എ ഖാദര്‍, എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍വഹാബ്, എംഐ ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here