ജീവന് വേണ്ടി കേഴുന്നവരോട് അവഗണന; റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കില്ലെന്ന് രാജ്‌നാഥ് സിംഗ്; ‘അവര്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാര്‍’

ദില്ലി: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അഭയാര്‍ഥികളല്ലെന്നും മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണന്നും രാജ്‌നാഥ് പറഞ്ഞു.

തിരികെ സ്വീകരിക്കാന്‍ മ്യാന്‍മറിന് സമ്മതം

ഇവരെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് വാദിച്ചു. അവരെ തിരിച്ച് അയയ്ക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലെന്നും രാജ്‌നാഥ് പറഞ്ഞു. ഇന്ത്യയിലുള്ള ഭൂരിപക്ഷം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നിരിക്കെയാണ് ഇവരെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് മുദ്ര കുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

ദേശീയ മനുഷ്യാവകാശ കമീഷന്‍ ദില്ലിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് രാജ്‌നാഥ് അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ആവര്‍ത്തിച്ചത്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മ്യാന്‍മാര്‍ തയ്യാറായ സാഹചര്യത്തില്‍ ഇന്ത്യയിലുള്ളവരെ തിരിച്ചയക്കുന്നതിനെ എന്തിനാണ് ചിലര്‍ എതിര്‍ക്കുന്നതെന്ന് രാജ്‌നാഥ് ചോദിച്ചു.

അഭയാര്‍ത്ഥികളെ സംബന്ധിച്ച അന്താരാഷ്ട നിയമങ്ങള്‍ ഇന്ത്യ ലംഘിക്കുന്നില്ല. 1951ലെ ഐക്രാഷ്ട്ര സംഘടനാ കരാറില്‍ ഒപ്പു വയ്ക്കാത്തതിനാല്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് നിയമലംഘനമല്ലെന്നും രാജ്‌നാഥ് ചൂണ്ടിക്കാട്ടി.

എന്നാല്‍ വസ്തുകള്‍ക്ക് വിരുദ്ധമാണ് രാജ്‌നാഥിന്റെ പ്രസ്താവനയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഐക്യാരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകളുള്ളവരാണ് ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിങ്ങളെന്ന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉബൈസ് സൈനലുബ്ദീന്‍ പറഞ്ഞു.

സുരക്ഷിതമല്ലാത്ത ചുറ്റപാടിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയിടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് റോഹിംഗ്യകളെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് മുദ്ര കുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

അഭയാര്‍ത്ഥികളെ തരിച്ചയക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ മറികടക്കാനാണ് ഇവരെ അനധികൃത കുടിയേറ്റക്കാരെന്നും തീവ്രവാദ ബന്ധമുള്ളവരെന്നും സ്ഥാപിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. ഏകദേശം 40,000 റോഹിംഗ്യന്‍ മുസ്ലീങ്ങളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here