
കോട്ടയം: കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന അവകാശപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ വൈക്കം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പ്രസ്‌ക്ലബില്‍ ഇന്ന് ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
താന്‍ പെണ്‍വാണിഭ സംഘത്തില്‍ മുന്‍പ് കണ്ണിയായിരുന്നുവെന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.
വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ മയക്കുമരുന്നു സംഘത്തെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്താനായിരുന്നു എം.കെ സിബി എന്നയാള്‍ കോട്ടയം പ്രസ് ക്ലബിലെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരില്‍ വാച്ച് വില്‍പ്പനക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് താന്‍ ദൃക്‌സാക്ഷിയാണ്.
കോടതിയില്‍ ഹാജരായി ഇത് വെളിപ്പെടുത്താന്‍ തയാറാണെന്നും കേസില്‍ മാപ്പു സാക്ഷിയാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
ഭര്‍ത്താക്കന്‍മാര്‍ക്ക് മയക്കുമരുന്നു നല്‍കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വലയിലാക്കി വരികയാണെന്നും സിബി ആരോപിച്ചു. മുന്‍പ് ഈ സംഘത്തില്‍ അംഗമായിരുന്ന താന്‍ ഇവര്‍ ചെയ്ത പല ക്രൂര കൃത്യങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഒപ്പം കൊലപാതകത്തിന് പങ്കാളിയാണെന്ന വെളിപ്പെടുത്തലുണ്ടായതോടെയാണ് സംഭവം അറിഞ്ഞെത്തിയ പൊലീസ് വാര്‍ത്താ സമ്മേളനത്തിന് ശേഷം സിബിയെ അറസ്റ്റ് ചെയ്തത്.
നാളെ കോടതിയില്‍ ഹാജരായി മൊഴി നല്‍കി അര്‍ഹിക്കുന്ന ശിക്ഷഏറ്റു വാങ്ങുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here