നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍; ‘തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെ’

ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനത്തിന് വ്യക്തമായ സൂചന നല്‍കി വീണ്ടും നടന്‍ കമല്‍ഹാസന്‍. അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹസന്‍ വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്‍പര്യമെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്ന കമല്‍ഹാസന്‍ സിപിഐഎമ്മിനോട് അനുഭാവപൂര്‍വ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് മടങ്ങിയ കമല്‍ഹാസന്‍ താന്‍ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു.

വര്‍ഗീയ ശക്തികള്‍ക്കെതിരേയും മതേതര നിലപാടുകളുമാണ് കമല്‍ഹാസന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കമലഹാസന്‍ അറിയിച്ചിരുന്നു.

ഇതിനിടെ ഇന്നലെ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News