കെഎന്‍എ ഖാദറിനെ നാട്ടുകാര്‍ക്ക് വേണ്ടെന്ന് ലീഗ് വിമതന്‍ കെ.ഹംസ; തിരിച്ചടി നല്‍കാനൊരുങ്ങി ഹംസ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; ‘മത്സരിക്കാന്‍ ഖാദര്‍ യോഗ്യനല്ല’; പിന്‍മാറിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ഹംസ

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വിമതനേതാവ് കെ ഹംസയും മത്സരിക്കുന്നു. കെഎന്‍എ ഖാദറിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ഹംസ മത്സരിക്കുന്നത്.

ഹംസ ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ലീഗില്‍ ഉടലെടുത്ത രൂക്ഷമായ ഭിന്നതയുടെ ഭാഗമായാണ് അഡ്വ കെ. ഹംസ വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരിക്കുന്നത്. എസ്ടിയുവിന്റെ പ്രമുഖ നേതാവും വേങ്ങരയില്‍ വലിയ ജനസ്വാധീനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് ഹംസ.

കെഎന്‍എ ഖാദറിനെ നാട്ടുകാര്‍ക്ക് വേണ്ടെന്ന് ഹംസ പത്രിക സമര്‍പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഖാദറിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനെതിരായാണ് തന്റെ പോരാട്ടമെന്നും ഹംസ പറഞ്ഞു. ഖാദര്‍ പിന്‍മാറിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ഹംസ മുന്നറിയിപ്പ് നല്‍കി.

മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും ഹംസ വെളിപ്പെടുത്തി. എന്നാല്‍ വരും ദിനങ്ങളില്‍ പ്രചാരണ രംഗത്ത് സജീവമാകാനാണ് ഹംസയുടെ തീരുമാനം.

ജനാധിപത്യ രീതിയിലല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിട്ടുള്ളത്. സമ്മര്‍ദതന്ത്രം പ്രയോഗിച്ചാണ് ഖാദര്‍ സ്ഥാനാര്‍ത്ഥിയായത്. ഇത് അംഗീകരിക്കാനാവില്ല. കെപിഎ മജീദ് പിന്‍മാറിയത് പോലെ ഖാദര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണെങ്കില്‍ മത്സരരംഗത്ത് നിന്നു മാറി നില്‍ക്കും. വേങ്ങരയില്‍ മത്സരിക്കാന്‍ ഖാദര്‍ ഒരിക്കലും യോഗ്യനല്ലെന്നും ഹംസ പറഞ്ഞു.

1991ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് എല്‍ഡിഎഫിനു പിന്നില്‍ രണ്ടാമതെത്തിയ വ്യക്തിയാണ് ഹംസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News