മോദിയുടെ വാരണസി യാത്രയ്ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍

വാരണസി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴിതടഞ്ഞ്‌ വിദ്യാര്‍ത്ഥിനികള്‍. മോഡി, സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വരാനിരുന്ന റോഡാണ് ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ ഉപരോധിച്ചത്.

കോളേജില്‍ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ റോഡ് ഉപരോധിച്ചത്.

കഴിഞ്ഞദിവസം ഫൈന്‍ ആര്‍ട്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ ബിഎച്ച്‌യു ക്യാംമ്പസിനകത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. കാമ്പസിലെ കലാഭവന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്.

സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും, 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ എത്തിയില്ലെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

പരാതികള്‍ക്ക് ഫലമില്ല

സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും ചീഫ് പ്രൊക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രി വരുന്ന റോഡ് ഉപരോധിച്ച് ധര്‍ണ സംഘടിപ്പിച്ചത്.

അതേസമയം കോളേജിന് മുന്നില്‍ നിന്നും ധര്‍ണ മാറ്റണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ അകമ്പടിയായി ചിലര്‍ എത്തിയിരുന്നെന്നും, വിഷയം പരിഹരിക്കാതെ ധര്‍ണമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ധര്‍ണ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഇതിനുമുമ്പും സമാനമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമെത്തി ചില വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും, പരാതി നല്‍കുമെന്ന് പറയുമ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
ഇതിനെതിരെ കോളേജ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആറ് മണിക്ക് ശേഷം ഞങ്ങളോട് ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

“അധികൃതരുടെ ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നത് തങ്ങള്‍ക്ക് ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഇല്ല എന്നതാണ്”; മറ്റൊരു ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിനിയായ പല്ലവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News