ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അംബാസഡര്‍ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.

ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം യു.എ.ഇ-ഇന്ത്യ ബന്ധം പൊതുവിലും യു.എ.ഇ-കേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും കേരളീയരാണ്. കേരളവുമായി യു.എ.ഇക്ക് നൂറ്റാണ്ടുകളായി ബന്ധമുണ്ട്.

24 ന് തിരുവനന്തപുരത്ത് എത്തും

ഇന്ത്യയുമായുളള അറബ് നാടുകളുടെ വാണിജ്യബന്ധം തുടങ്ങുന്നതുതന്നെ കേരളത്തില്‍നിന്നാണ്. കേരളവുമായി യു.എ.ഇക്കുളള അടുപ്പത്തിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 24-ന് ഞായറാഴ്ചയാണ് ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തുന്നത്. 25, 26 തീയതികളില്‍ അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും.

27-ന് കൊച്ചിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. 28-ന് തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം ഷാര്‍ജക്ക് തിരിച്ചുപോകുന്നത്.

കേരളം സന്ദര്‍ശിക്കാനുളള ക്ഷണം സ്വീകരിച്ചതിനും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ സമ്മതിച്ചതിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഡോ. ഷേക്ക് സുല്‍ത്താനെ സ്വീകരിക്കാന്‍ കേരളം കാത്തിരിക്കുകയാണ്.

യു.എ.ഇയുമായി കേരളത്തിന് അത്രയും അടുത്ത ബന്ധമുണ്ട്. ഷാര്‍ജയാകട്ടെ, കേരളീയരുടെ രണ്ടാമത്തെ വീടാണ്. കഴിഞ്ഞ വര്‍ഷം തന്‍റെ നേതൃത്വത്തില്‍ കേരളപ്രതിനിധികള്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താന്‍ ഹൃദയവായ്പ്പോടെയാണ് സ്വീകരിച്ചത്.

കേരളത്തോടുളള മമതയാണ് ആ സ്വീകരണത്തില്‍ ഞങ്ങള്‍ ദര്‍ശിച്ചത്. ഷാര്‍ജ ഭരണാധികാരിയുടെ വിനയവും എളിമയും കേരളാസംഘത്തെ ശരിക്കും നമ്രശിരസ്കരാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷാര്‍ജ സുല്‍ത്താന് കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടികളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവന്നു.

ഡി-ലിറ്റ് ബിരുദം കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് സമ്മാനിക്കാനായിരുന്നു പരിപാടി. എന്നാല്‍ മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആ പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിവന്നു.

തിരുവനന്തപുരത്ത് പൊതുസ്വീകരണം സംഘടിപ്പിക്കാന്‍ ആലോചിച്ചിരുന്നു. അതും അവസാനം ഒഴിവാക്കുകയാണുണ്ടായത്.

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്.

അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷേക്ക് സുല്‍ത്താന്‍റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളവുമായി ഷാര്‍ജയ്ക്ക് പലകാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. അറബ് ലോകത്തെ സാംസ്കാരിക നഗരമെന്നാണ് ഷാര്‍ജ അറിയപ്പെടുന്നത്.

വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകള്‍ക്ക് ഷാര്‍ജ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഷാര്‍ജ പുസ്തകമേള ലോകത്തിലെ രണ്ടാമത്തെ വലിയ പുസ്തകോത്സവമാണ്.

കേരളവുമായുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിക്കുളള നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News