“ഒത്തിരി നന്ദി, ഇതെന്റെ പുതിയ ജീവിതമാ'”

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കൈ നെഞ്ചോട് ചേര്‍ത്ത് ഗണേഷ് സംസാരിക്കുമ്പോള്‍ വാക്കുകളില്‍ സന്തോഷം തുടിച്ചു. കണ്ടുനിന്ന അമ്മ പൊന്നമ്മയുടെയും സഹോദരി രാജലക്ഷ്മിയുടെയും മുഖങ്ങളില്‍ ആശ്വാസത്തിന്റെ പുതുവെളിച്ചം നിറഞ്ഞു.

ജീവിതത്തിലേക്ക് തിരികെ എത്തിയ സന്തോഷത്തിലാണ് കൈതമുക്കിലെ ഗണേഷ്. പാര്‍ക്കിന്‍സണ്‍ അസുഖമാണ് ഈ യുവാവിന്റെ ജീവിതം ഇരുളിലാഴ്ത്തിയത്.

ആറുവര്‍ഷംമുമ്പ് വിറയലിന്‍റെ രൂപത്തിലായിരുന്നു തുടക്കം. രണ്ടുവര്‍ഷംമുമ്പ് രോഗം മൂര്‍ച്ഛിച്ചു. സംസാര, ചലനശേഷികളെ ബാധിച്ചു.

സ്വന്തമായി ആഹാരംപോലും കഴിക്കാനാകാത്ത അവസ്ഥ. രോഗബാധിതനായതോടെ ഗഷേണിന്റെ ലോകം വീടിന്റെ നാലുചുവരുകള്‍ക്കുള്ളിലായി.

ഇലക്ട്രിക്കല്‍ ജോലി ചെയ്തായിരുന്നു കുടുബം പുലര്‍ത്തിയിരുന്നത്. രോഗബാധിതനായതോടെ ഗണേഷിന്റെ കുടുംബം പ്രതിസന്ധിയുടെ നടുക്കടലിലായി.

പതിനാല് ലക്ഷത്തില്‍ ഏറെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ അമ്മ പൊന്നമ്മയും സഹോദരി രാജലക്ഷ്മിയും സഹായത്തിനായി പരക്കംപാഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ചികിത്സാ സഹായപദ്ധതികളിലുള്‍പ്പെടെ അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഗണേഷ് സഹായം തേടി.

വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി കെ കെ ശൈലജ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കി.

തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തില്‍ മിന്നല്‍വേഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഗണേഷിനെ ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു.

ശസ്ത്രക്രിയക്ക് ആവശ്യമായ 14 ലക്ഷം മിഷന്‍ അനുവദിച്ചു. എട്ടിന് ശ്രീചിത്രയില്‍ ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച വിടുതല്‍ചെയ്ത ഗണേഷിന് ഇപ്പോള്‍ സംസാരിക്കാം, പരസഹായമില്ലാതെ നടക്കാം.

‘ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു. ജീവിതം നഷ്ടമായെന്നു കരുതി, അപ്പോഴാണ് മന്ത്രിയുടെ സഹായമെത്തിയത്.

ഞാനിപ്പോള്‍ നൂറുശതമാനം ഓക്കെയാണ്’. ആഹ്ളാദം അടക്കാനാകാതെ ഗണേഷ് പറയുന്നു. ഗണേഷിനെപ്പോലെ ചികിത്സച്ചെലവിന് വഴികാണാതെ പ്രയാസപ്പെടുന്നവരെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിലെ സുമനസ്സുകളും സര്‍ക്കാര്‍ ഉദ്യമത്തെ സഹായിക്കണം. പാര്‍ക്കിന്‍സണ്‍സ്, മസ്കുലര്‍ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ സ്ക്ളിറോസിസ് തുടങ്ങിയ അസുഖബാധിതരെ സഹായിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍വഴി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ശസ്ത്രകിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഗണേഷിനെ ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here