ഇടതുകേന്ദ്രങ്ങളില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ കഴിയില്ല; ഇതിന് തെളിവാണ് കേരളവും ത്രിപുരയുമെന്ന് മുഖ്യമന്ത്രി പിണറായി; ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് തുടക്കം

കൊച്ചി: ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഇടതു പാര്‍ട്ടികള്‍ ശക്തമായ സ്ഥലങ്ങളില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ കഴിയില്ല എന്നതിന് തെളിവാണ് കേരളവും ത്രിപുരയുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. പ്രകൃതിയെ അന്തമില്ലാതെ ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റുകള്‍ക്ക്, ഭരണകൂടങ്ങള്‍ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ പണം മുടക്കുകയാണ്. ഭരണകൂടങ്ങള്‍ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ സമാന പ്രശ്‌നങ്ങള്‍ നേരിടുന്നു. സാമ്രാജ്യത്വ നവലിബറല്‍ നയങ്ങള്‍ ഒരുമിച്ച് നിന്ന് നേരിടണം. എന്നാല്‍ മതം, ഭാഷാ, ദേശം എന്നിവയുടെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉത്ഘാടന സെഷനില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗ ഇടത് പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗമാണ് നടക്കുക. സാര്‍ക് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സമ്മേളനം ചര്‍ച്ച ചെയ്യും.

ഈ രാജ്യങ്ങള്‍ നേരിടുന്ന സാമ്രാജ്യത്വ ഭീഷണി, ദേശീയ പരമാധികാരം നേരിടുന്ന വെല്ലുവിളി, വര്‍ഗ്ഗീയത, മതവിഭാഗീയത തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കും. ഇത്തരം വിഷയങ്ങളില്‍ അതാത് മേഖലകളിലെ പാര്‍ട്ടികളുടെ നിലപാടുകള്‍ ഏകീകരിക്കുക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, നയം രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് സിപിഐഎം നേതൃത്വത്തില്‍ ഇത്തരത്തിലൊരു സമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നത്.
സമ്മേളനത്തിനു സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് 3.30ന് രാജേന്ദ്രമൈതാനിയില്‍ നിന്ന് ചുവപ്പുസേന മാര്‍ച്ച് ആരംഭിക്കും. മറൈന്‍ഡ്രൈവില്‍ സമാപനസമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി എന്നിവര്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here