തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ജയില്‍വകുപ്പ് ഒരുങ്ങുന്നു. തടവുകാരുടെ ജയില്‍ ചാട്ടവും മൊബൈല്‍ ഫോണും മയക്കുമരുന്നും കഞ്ചാവുമടക്കമുള്ള സാധനങ്ങള്‍ ജയിലിനുള്ളിലേക്ക് കടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജയില്‍ വകുപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

ബോഡി സ്‌ക്കാനറും ബാഗേജ് സ്‌കാനറും മൊബൈല്‍ ഡിറ്റക്ടറും അടക്കമുള്ള അത്യാതുനിക ഉപകരണങ്ങള്‍ 56 ജയിലുകളിലും സ്ഥാപിക്കാനാണ് തിരുമാനം. ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യം ധാരണയായത്.

സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീക്ഷണി നിലനില്‍ക്കുന്നുണ്ടോയെന്ന് ജയില്‍ ഡി.ഐ.ജി മാര്‍ വഴി ജയില്‍ മേധാവി ആര്‍ ശ്രീലേഖ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കൂടാതൈ 14 ജില്ലാ ജയിലുകളിലെയും മൂന്ന് സെന്‍ട്രല്‍ ജയിലുകളിലെയും രണ്ട് തുറന്ന ജയിലുകളിലെയും സൂപ്രണ്ടുമാരുടെ യോഗം ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

 

 അത്യാതുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കും

തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജയില്‍ മേധാവി ആര്‍ ശ്രീലേഖ മുന്‍ കൈ എടുത്ത് തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമാനമെടുത്തത്. ബോഡി സ്‌കാനര്‍ ,ബാഗേജ് സ്‌കാനര്‍, സെല്ലിനുളളില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കണ്ടെത്തുന്ന മൊബൈല്‍ ഡിറ്റക്ടര്‍ എന്നിവ അടക്കം സുരക്ഷയ്ക്കായി ഓരോ ജയിലിനും അത്യാതുനിക ഉപകരണങ്ങള്‍ നല്‍കും.

കഞ്ചാവും ,മയക്കു മരുന്നും ഉള്‍പ്പെടയുള്ള ലഹരി വസ്തുക്കളും മൊബൈലും അടക്കം ജയിലിലേക്ക് കടത്തുന്നവര്‍ ജയില്‍ കവാടത്തില്‍ വെച്ച് തന്നെ പിടിക്കപ്പെടുന്ന രീതിയില്‍ സുരക്ഷ ക്രമീകരിക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. ഇതിനുപുറമെ മൊബൈലുകള്‍ കണ്ടെത്തുന്നതിനുള്ള ലേസര്‍ സംവിധാനം, മൊബൈല്‍ ജാമറുകള്‍ എന്നിവയും സ്ഥാപിക്കാന്‍ ധാരണയായി.

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ആദ്യ പടിയായി മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും രണ്ടി വനിത ജയിലുകളിലും പവര്‍ ഫെന്‍സിംഗ് സ്ഥാപിച്ചു കഴിഞ്ഞു. സുരക്ഷ ഉപകരണങ്ങള്‍ നല്‍കുന്നതിന് പുറമെ സെല്ലുകള്‍ തുറക്കുന്നതും അടക്കുന്നതും അടക്കം ഹൈടെക് ആക്കാനും ആലോചനയുണ്ട്.

പ്ലാന്‍ഫണ്ടില്‍ നിന്നും ഒപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഉറപ്പിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.