കണ്‍മുന്നില്‍ ലോകകപ്പ്; കളിയുത്സവത്തില്‍ കുട്ടിപ്പട

കൊച്ചി: കൈയെത്തുംദൂരത്ത് ലോകകപ്പ് കാണാനായതിന്റെ ആവേശത്തിലായിരുന്നു കേരളത്തിന്റെ കൗമാരതാരങ്ങള്‍. ആര്‍പ്പുവിളിച്ചും ചുവടുവെച്ചും അവര്‍ കപ്പിനുചുറ്റും നിരന്നു. ശേഷം മൈതാനത്ത് പന്തുകളിയുടെ പാഠങ്ങളഭ്യസിക്കാനിറങ്ങി.

സെപ്പി മൈതാനത്തിറങ്ങിയത് കുട്ടികള്‍ക്ക് ഇരട്ടിയാവേശമായി

ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായി കൊച്ചിയില്‍ സംഘടിപ്പിച്ച മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല സമാപന പരിപാടിയാണ് കുട്ടിപ്പടയുടെ കളിയുത്സവവേദിയായത്.

എറണാകുളത്ത് അംബേദ്കര്‍ സ്‌റ്റേഡിയത്തിലെ കൃത്രിമപുല്‍ത്തകിടിയിലായിരുന്നു മിഷന്‍ ഇലവന്‍ മില്യണിന്റെ സമാപനോത്സവം. ശനിയാഴ്ച രാവിലെ 9 മുതല്‍ മൂന്നര മണിക്കൂറിലേറെ നീണ്ട ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്തു.

സംസ്ഥാനത്തെ 650 ഓളം സ്‌ക്കൂളുകളില്‍ നടത്തിയ പ്രാഥമിക പ്രോഗ്രാമില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടരാണ് കൊച്ചിയിലെ സമാപന പരിപാടിക്ക് അര്‍ഹത നേടിയിരുന്നത്. ആതിഥേയ ജില്ലയായ എറണാകുളത്തിനു പുറമെ കാസര്‍കോട് , കണ്ണൂര്‍ , കോഴിക്കോട് , മലപ്പുറം , തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള കുട്ടിത്താരങ്ങളാണ് ശനിയാഴ്ച കൊച്ചിയിലെ ഫിഫാ ഇലവന്‍ മില്യണില്‍ പന്തുതട്ടിയത്.

ഫെസ്റ്റിവലിനെത്തിയ കുട്ടിത്താരങ്ങള്‍ക്കു മാത്രമായി ഫിഫാ അണ്ടര്‍ 17 വിന്നേഴ്‌സ് കപ്പ് മൈതാനത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി മൈതാനത്തിറങ്ങിയത് കുട്ടികള്‍ക്ക് ഇരട്ടിയാവേശമായി. കൗമാരതാരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ സെപ്പി കുട്ടികളോട് ലോകകപ്പ് വിശേഷങ്ങളും പങ്കുവെച്ചു.

കൊച്ചിയില്‍ ലോകകപ്പ് ട്രോഫി പര്യടനത്തിന് ലഭിച്ച ആവേശസ്വീകരണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം കൊച്ചിയില്‍ ഇത് ടൂര്‍ണമെന്റില്‍ മുഴുവന്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here