ജയലളിതയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; പുതിയ വെളിപ്പെടുത്തലുമായി മന്ത്രി; ”ഞങ്ങള്‍ ലോകത്തോട് പറഞ്ഞതെല്ലാം കള്ളം”

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. ജയലളിതയെ തങ്ങള്‍ ആരും അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നും ശശികല അല്ലാതെ മറ്റാരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

കള്ളം പറയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീനിവാസന്‍

ജയലളിതയെ സന്ദര്‍ശിച്ചെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. സത്യത്തില്‍ ആരും ജയലളിതയെ കണ്ടിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ ആശുപത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പനീര്‍ സെല്‍വത്തെയും മറ്റ് പാര്‍ട്ടി നേതാക്കളെയും ജയലളിതയെ കാണുന്നതില്‍ ശശികല വിലക്കിയിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കള്ളം പറയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു. പാര്‍ട്ടി രഹസ്യം പുറത്തുപോകാതിരിക്കാനാണ് കള്ളം പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുന്ന മൂന്നാമത്തെ നേതാവാണ് ശ്രീനിവാസന്‍. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമീഷന്‍ രൂപവത്കരിക്കാന്‍ പളനിസ്വാമി സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ജയ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News