ജമ്മു സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ രാജ്യദ്രോഹികളാണെന്ന് ആക്ഷേപിച്ച് എബിവിപി

ദില്ലി: ജമ്മു കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ രാജ്യദ്രോഹികളാണെന്ന് ആക്ഷേപിച്ച് എബിവിപി. കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന്റെയും തദ്ദേശീയ മാധ്യമങ്ങളുടെയും പിന്‍ബലത്തിലാണ് എബിവിപി അധിക്ഷേപവുമായി രംഗത്തുവന്നത്.

വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി തടയാനും ശ്രമം

ദേശീയ അക്രെഡിറ്റേഷന്‍ സമിതി സര്‍വകലാശാലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന മലയാളി വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി തടയാനും ശ്രമമുണ്ടായി. ഭക്ഷണശാലയില്‍ മാംസാഹാരം നല്‍കണമെന്നും ഹോസ്റ്റലില്‍ വൈഫൈ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ഥികളെയാണ് രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത്.

സര്‍വകലാശാലയില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചിരുന്നു. അക്കാദമികമല്ലാത്ത പ്രവര്‍ത്തനം നടത്തുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും കാട്ടി ഡീന്‍ സര്‍ക്കുലര്‍ ഇറക്കി. എബിവിപി പ്രവര്‍ത്തനത്തിന് തടസമില്ലാത്ത ക്യാമ്പസിലാണ് സര്‍ക്കുലര്‍ വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവത്തില്‍ വിസിയോട് സംസ്ഥാനദേശീയ ഇന്റലിജന്‍സ് ഏജന്‍സി അന്വേഷണം നടത്തിയെന്ന വ്യാജവാര്‍ത്ത ജമ്മുവിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജമ്മു സര്‍വകലാശാലയെ മറ്റൊരു ജെഎന്‍യുവാക്കുന്നു, രാജ്യദ്രോഹികളുടെ താവളമാക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ ഒരു പത്രം നിരന്തരം നല്‍കി. ഇതോടെ തങ്ങള്‍ ഭീഷണികളുടെ നടുവിലാണെന്നു കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ സസ്യാഹാരമാണ് ലഭിക്കുന്നത്. 80 ശതമാനം വിദ്യാര്‍ഥികളും മാംസാഹാരം കഴിക്കുന്നവരാണ്. നല്ല ഭക്ഷണവും മാംസാഹാരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നെന്ന് വിദ്യാര്‍ഥി മുഹമ്മദ് താരിഖ് പറഞ്ഞു. വിസി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്. 19ന് നടന്ന യോഗത്തില്‍ എസ്എഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറി വിക്രം സിങ് പങ്കെടുത്തു.

ഇതിനു പിന്നാലെ ക്യാമ്പസിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കുകയാണെന്ന പ്രചാരണം എബിവിപിയും ചില മാധ്യമങ്ങളും ശക്തമാക്കിയെന്ന് എസ്എഫ്‌ഐ വയനാട് ജില്ലാകമ്മിറ്റി അംഗമായിരുന്ന മുഹമ്മദ് താരിഖ് പറഞ്ഞു.

ദേശീയ അക്രഡിറ്റേഷന്‍ സമിതി സന്ദര്‍ശനവേളയില്‍ മലയാളികള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ദേശവിരുദ്ധ സന്ദേശം ഉണ്ടാകുമെന്ന ആരോപണവുമായാണ് എബിവിപി രംഗത്തുവന്നതെന്ന് വിദ്യാര്‍ഥി വിഷ്ണു പറഞ്ഞു.

പരിപാടി തടയുമെന്ന് എബിവിപി ഭീഷണി മുഴക്കി. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്‌പോകുമെന്ന് നിലപാടെടുത്തതോടെയാണ് അവതരിപ്പിക്കാനായത്. എന്നാല്‍, പ്രദര്‍ശനത്തിനുമുമ്പ് അധ്യാപകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ച് ‘രാജ്യവിരുദ്ധമല്ല’ എന്ന് തെളിയിക്കേണ്ടി വന്നെന്ന് വിഷ്ണു പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here