അ‍ഴിക്കോടന്‍ രാഘവന്‍; സമരപോരാട്ടങ്ങളാല്‍ ആവേശകരമായ ജീവിതം

1972 സെപ്തംബര്‍ 23 കേരളചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. അന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊലചെയ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയായിരുന്നു അന്ന് കേരളത്തില്‍ അധികാരത്തിലിരുന്നത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. സഖാവിനെ ഭരണവര്‍ഗശക്തികളുടെ പിന്തുണയോടെ ഇടതുപക്ഷ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ അരുംകൊല ചെയ്യുകയായിരുന്നു. കണ്ണൂര്‍ പട്ടണത്തിലെ തെക്കി ബസാറിലെ ഒരു തൊഴിലാളികുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. ബീഡിതെറുപ്പ് തൊഴിലാളിയായാണ് നിത്യജീവിതവൃത്തിക്കായുള്ള വരുമാനം അദ്ദേഹം കണ്ടെത്തിയിരുന്നത്. തൊഴിലെടുത്തുകൊണ്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായി. ബീഡിത്തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനങ്ങളിലെ പ്രധാന സംഘാടകനായി അദ്ദേഹം മാറി. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൌണ്‍സിലിന്റെ സെക്രട്ടറിയായി.

പാര്‍ടി സംഘടനാരംഗത്ത് ഏല്‍പ്പിക്കപ്പെട്ട ചുമതലകളെല്ലാം ഭംഗിയായിത്തന്നെ സഖാവ് നിര്‍വഹിച്ചു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി. 1951ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയകാലാവസ്ഥയിലാണ് 1956ല്‍ സഖാവ് പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. 1967ല്‍ ഐക്യമുന്നണി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. മുന്നണിരാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ അഴീക്കോടന്‍ പരിചയപ്പെടുത്തി തരികയായിരുന്നു. 1969ല്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളീഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായി. ദേശാഭിമാനിയെ ഒരു ബഹുജനപത്രമാക്കി മാറ്റുന്നതിന് അക്കാലത്ത് നടന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സവിശേഷമായ ഇടപെടലുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓര്‍മപ്പെടുത്തി.

സമരപോരാട്ടങ്ങളാല്‍ ആവേശകരമായ അധ്യായമാണ് അഴീക്കോടന്റെ ജീവിതം. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനങ്ങള്‍ നിരവധിതവണ ഏറ്റുവാങ്ങേണ്ടിവന്നു. ഒപ്പം നിരവധിതവണ ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. 1948ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനത്തിന് വിധേയമാകേണ്ടി വരികയും ചെയ്തു. 1950, 1962, 1964 എന്നീ വര്‍ഷങ്ങളിലും സഖാവിന് ജയില്‍വാസം ഏറ്റുവാങ്ങേണ്ടി വന്നു. പീഡാനുഭവങ്ങളുടെ കുത്തൊഴുക്കുകള്‍ക്കുമുന്നിലും പതറാതെ നില്‍ക്കാനുള്ള അഴീക്കോടന്റെ ശേഷി ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉയര്‍ന്നുവന്ന ഇടത് തീവ്രവാദ നിലപാടുകള്‍ക്കെതിരായും വലതുപക്ഷ പരിഷ്കരണവാദത്തിനെതിരെയും അദ്ദേഹം പൊരുതി. അങ്ങനെ ശരിയായ രാഷ്ട്രീയനിലപാട് ഉയര്‍ത്തിപ്പിടിച്ച് പാര്‍ടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ സമാനതകളില്ലാത്ത അനുഭവവും അദ്ദേഹത്തിനുണ്ട്. പാര്‍ടിയുടെയും ട്രേഡ് യൂണിയന്റെയും ചുമതലകള്‍ നിര്‍വഹിക്കുന്ന ഘട്ടത്തില്‍തന്നെ അദ്ദേഹം സഹകരണമേഖലയിലും തന്റേതായ സംഭാവനകള്‍ നല്‍കുകയുണ്ടായി. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്ന തീവ്ര വലതുപക്ഷ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തേണ്ടുന്ന ഘട്ടത്തിലാണ് ഇത്തവണ സഖാവ് അഴീക്കോടന്റെ സ്മരണ പുതുക്കുന്നത്. ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ജനകീയസമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. പെട്രോള്‍- ഡീസല്‍ വിലവര്‍ധനയ്ക്കെതിരായ ജനകീയപ്രതിഷേധം ഇതിന്റെ ഭാഗമാണ്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ വന്‍കിട കുത്തകകമ്പനികളുടെ താല്‍പ്പര്യമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലേറുന്നതിനുവേണ്ടി ബിജെപി നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു എണ്ണവില കുറച്ചുകൊണ്ടുവരുമെന്നത്. എന്നാല്‍, അധികാരമേറ്റശേഷം എല്‍പിജി ഗ്യാസ്, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില ന്യായീകരണമേതുമില്ലാതെ വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് തികച്ചും ഉത്തരവാദിത്തരഹിതമായ മറുപടി നല്‍കുകയാണ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ചെയ്യുന്നത്. എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തിന്റെ തുടര്‍ച്ചയാണ് ബിജെപി സര്‍ക്കാരില്‍ കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും പ്രസ്തുത വിഷയങ്ങളില്‍ സമാനമായ ചിന്താഗതിയാണെന്ന് തെളിഞ്ഞു.

കാര്‍ഷിക ആത്മഹത്യകള്‍ പെരുകുകയും കാര്‍ഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാകുകയും ചെയ്യുകയാണ്. എന്നാല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതില്‍ നിരുത്തരവാദപരമായ സമീപനമാണ് ബിജെപി- കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അതിനെതിരായി രാജസ്ഥാനിലും മറ്റും ഉയര്‍ന്നുവന്ന കര്‍ഷകസമരങ്ങളുടെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയൊരു സന്ദേശം പ്രദാനം ചെയ്യുന്നതാണ്. വന്‍കിട കുത്തക കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയെന്ന കേവല അജന്‍ഡയില്‍ ചുറ്റിക്കറങ്ങുന്നവരെ മുട്ടുകുത്തിക്കാന്‍ ജനകീയശക്തിക്ക് സാധ്യമാകുമെന്നതാണ് അതിന്റെ ഉള്ളടക്കം. പൊതുമേഖല സ്ഥാപനങ്ങള്‍ തങ്ങളുടെ വേണ്ടപ്പെട്ട സ്വകാര്യമുതലാളിമാര്‍ക്ക് ചുളുവിലയ്ക്ക് കൈമാറിക്കൊണ്ടിരിക്കുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളെ ഉള്‍പ്പെടെ ഈനിലയില്‍ കൈമാറുന്നതിനുള്ള നീക്കങ്ങള്‍ സമ്പദ്മേഖലയ്ക്കുണ്ടാക്കുന്ന ആഘാതം ഗുരുതരമായിരിക്കും. നിലവില്‍ രാജ്യത്തെ സാമ്പത്തികമാന്ദ്യം ബാധിച്ചിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിനുതന്നെ തുറന്ന് സമ്മതിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. ഉല്‍പ്പാദനമേഖലയിലുണ്ടായ തകര്‍ച്ച രാജ്യം നേരിടാനിരിക്കുന്ന ഭാവിപ്രതിസന്ധിയെയാണ് കാണിക്കുന്നത്. എന്നാല്‍, അത്തരം കാര്യങ്ങളിലെല്ലാം കുത്തകമുതലാളിമാരുടെ നിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകളാകട്ടെ ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ഭാഗമായ സംസ്ഥാനങ്ങളെന്ന നിലയില്‍ ലഭ്യമാകുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തി ബദല്‍നയം മുന്നോട്ടുവയ്ക്കുകയാണ്. കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ അതുവഴി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സമീപനം കാഴ്ചവയ്ക്കുന്നു. അതുവഴി സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലും ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങള്‍ നടപ്പാക്കുന്നതിലും ഈ രണ്ട് സര്‍ക്കാരുകളും കൈക്കൊള്ളുന്ന സമീപനങ്ങള്‍ എടുത്താല്‍മാത്രം മതി അതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍.

സിപിഐ എമ്മിന്റെ 22-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണ സഖാവ് അഴീക്കോടന്‍ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാന്‍പോലുമാകാത്ത അത്രയും വലുതും വിശാലവുമായ ഒരു ജനാധിപത്യപ്രക്രിയയാണ് പാര്‍ടി സമ്മേളനങ്ങളെന്നത്. രാജ്യവും തൊഴിലാളിവര്‍ഗവും ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളെ മുറിച്ചുകടക്കുന്നതിന് പാര്‍ടി സ്വീകരിക്കേണ്ട സമീപനങ്ങള്‍ ഇതിലൂടെ രൂപീകരിക്കും. സമ്മേളനകടമകള്‍ നിര്‍വഹിക്കുന്നതിന് ഓരോ പാര്‍ടി സഖാവിനും രാഷ്ട്രീയദിശാബോധം പ്രദാനം ചെയ്യുന്നതാണ് അഴീക്കോടന്‍ രാഘവനെക്കുറിച്ചുള്ള ഓര്‍മകള്‍. രാഷ്ട്രീയ എതിരാളികളുടെ കഠാരമുനയാല്‍ കുത്തേറ്റുവീണ സഖാവ് അഴീക്കോടന്‍, ഒരിക്കലും മറക്കാത്ത ഓര്‍മയായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ നയിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ കൊലചെയ്യപ്പെട്ട ഏറ്റവും സമുന്നതനായ രാഷ്ട്രീയനേതാവാണ് അദ്ദേഹം. അഴീക്കോടന്റെ ഓര്‍മകള്‍, കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൊലപാതകരാഷ്ട്രീയം തുറന്നുകാണിക്കുന്നതിനും സുശക്തമായ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിനും കരുത്തേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News