മോദി ഭരണത്തില്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ന്നടിഞ്ഞെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു; ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്ക്

കൊച്ചി: നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ന്നടിഞ്ഞെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി ഭരണം ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ രണ്ട് ദിവസമായി നടന്നിരുന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് സത്വരമായ പരിഹാരം കാണണം

മോദി നടപ്പാക്കുന്നത് നവലിബറല്‍ നയങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. മോദിയുടെ ഭരണത്തില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. നോട്ട് നിരോധിച്ചുകൊണ്ട് മോദി പറഞ്ഞതൊന്നും നടപ്പായില്ലെന്നും യെച്ചൂരി ആരോപിച്ചു.

പെട്രോള്‍ വിലയില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പണം പരസ്യത്തിനായി ഉപയോഗിക്കുന്നു. 60 ശതമാനം ജിഡിപി കൈയ്യാളുന്നത് ഒരു ശതമാനം ആളുകളാണ്. കാര്‍ഷിക മേഖലയും സമ്പത്ത് വ്യവസ്ഥയും തകര്‍ന്നടിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമാപനസമ്മേളനത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിക്കും.

റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് സത്വരമായ പരിഹാരം കാണണമെന്ന പ്രമേയമാണ് ഇന്ന് പ്രധാനമായും സമ്മേളനത്തില്‍ അംഗീകരിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മത തീവ്രവാദികള്‍ക്കുള്ള ചൂഷണത്തിന് ഇത് അവസരമൊരുക്കും. അതുണ്ടാകാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ഇടപെട്ട് നടത്തണം, ഇതിനൊപ്പം ലോകമാകെ നിലകൊള്ളണം എന്ന മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശവും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട പ്രമേയം ആവശ്യപ്പെടുകയുണ്ടായി.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രമേയ രൂപത്തില്‍ സമ്മേളനത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. പ്രമേയം സമ്മേളനത്തില്‍ വായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News