ലോക ചാമ്പ്യന്‍മാരെ നാണംകെടുത്തി ടീം ഇന്ത്യ; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പരമ്പര സ്വന്തമാക്കി; ചരിത്രവിജയം നേടിയ കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനപ്രവാഹം

ഇന്‍ഡോര്‍: ലോകക്രിക്കറ്റിലെ പ്രതാപശാലികളായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് വിരാട് കോഹ് ലിയും സംഘവും.

ഇന്ത്യന്‍ മണ്ണില്‍ അവിസ്മരണീയ ജയം തേടിയെത്തിയ കംഗാരുക്കൂട്ടത്തെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി.

അഞ്ച് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയമാണ് ഇന്ത്യന്‍ പോരാളികള്‍ സ്വന്തമാക്കിയത്.

പാണ്ഡ്യയും രോഹിതും രഹാനെയും

കംഗാരുപ്പട ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

രോഹിത് 62 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയപ്പോള്‍ ആറ് ബൗണ്ടറിയും നാല് സിക്‌സും അകമ്പടിയായി. 72 പന്തില്‍ 5 ഫോറും 4 സിക്‌സും അടക്കം 78 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. രഹാനെ 70 റണ്‍സും നേടി.

വിരാട് കോഹ്ലി 28 റണ്‍സ് നേടി പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ 36 റണ്‍സോടെയും ധോണി 3 റണ്‍സോടെയും പുറത്താകാതെ നിന്നു. കേദാര്‍ ജാദവിന് തിളങ്ങാനായില്ല.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കംഗാരുക്കള്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാകാത്തതാണ് ഓസീസ് സ്‌കോര്‍ 300 കടക്കാത്തതിന്റെ കാരണം.

ഫിഞ്ചിന് സെഞ്ചുറി

മികച്ച രീതിയില്‍ ബാറ്റു വീശിയ ഡേവിഡ് വാര്‍ണര്‍ 42 റണ്‍സ് നേടി പുറത്തായെങ്കിലും ഫിഞ്ചും നായകന്‍ സ്മിത്തും ചേര്‍ന്ന് കംഗാരുക്കളുടെ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് നയിച്ചു.

കുല്‍ദീപ് വീണ്ടും വട്ടംകറക്കി

ഉജ്വല ഫോമില്‍ കളിച്ച ഫിഞ്ച് സെഞ്ചുറി നേടി. എന്നാല്‍ 124 റണ്‍സ് നേടിയ ഫിഞ്ച് പുറത്തായതോടെ ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്ക് നിലച്ചു. 63 റണ്‍സ് നേടിയ സ്മിത്തിനെയും ഫിഞ്ചിനേയും പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്ട്രേലിയയെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ തറപറ്റിക്കാനായത് ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം ചരിത്ര നേട്ടമാണ്. വര്‍ത്തമാന കാലത്ത് മറ്റൊരു ടീമിനും പറ്റാത്ത നേട്ടം സ്വന്തമാക്കിയതോടെ കോഹ്ലിക്കും സംഘത്തിനും അഭിനന്ദനപ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News