
ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ പട്ടാപ്പകല്‍ യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. പുലര്‍ച്ചെ പാലോട് ചെല്ലഞ്ചിയില്‍ നിന്നാണ് ആറ്റിങ്ങള്‍ മുടപുരം വക്കത്തു വിള വീട്ടില്‍ അനന്തുവിനെ കസ്റ്റഡിയില്‍ എടുത്തത്.
കേസിലെ മറ്റൊരു പ്രതിയും അനന്തുവിന്റെ കൂട്ടാളിയുമായ ശ്രീകുട്ടനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അനന്തു ചിറയിന്‍കീഴ് സ്റ്റേഷനിലെ രണ്ട് കേസ്സുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് കോടതിയില്‍ ഹാജരാക്കും
അനന്തുവിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 13 ന് 5 മണിയോടെ കനത്ത മഴയത്ത് മുടപുരം ജംഗ്ഷനിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ പ്രതികള്‍ അവിടെ വട്ടമിട്ട് കറങ്ങുകയും പല വാഹനങ്ങളേയും ഇടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത മുടപുരം ചരുവിള വീട്ടില്‍ സുധീറിനെ ബൈക്കിലിടിക്കാന്‍ ശ്രമിച്ചു.
ഇത് ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ പിടിച്ചിറക്കി റോഡിലിട്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ സുധീര്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും ,ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
സംഭവ ദിവസത്തിന് അടുത്ത ദിവസം ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പുറത്തു വച്ച് മധ്യസ്ഥതയില്‍ പ്രതികള്‍ പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
എന്നാല്‍ അക്രമ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസ്സെടുക്കാന്‍ ആറ്റിങ്ങല്‍ സി.ഐയ്ക്ക് റൂറല്‍ എസ്പി അശോക് കുമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here