കേരളത്തിലും റാം റഹിം സിംഗ് വേണോ; ശിവശക്തി യോഗ സെന്ററിനെതിരെ ഹൈക്കോടതി

കൊച്ചി: ഇതര മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദുയുവതികളെ യോഗാ സെന്ററിലെത്തിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറയിലെ യോഗാ സെന്ററില്‍ പരിശോധന നടത്തിയ പോലീസ് യുവതികളുടെ മൊഴിയെടുത്തു. കേരളത്തിലും റാം റഹീമുമാരെ സൃഷ്ടിക്കണോയെന്ന് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു.

 60 ല്‍പ്പരം യുവതികളെ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്

ഇതര മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു യുവതികളെ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററിലെത്തിച്ച് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും ഘര്‍ വാപ്പസി നടത്തുകയാണെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. 60 ല്‍പ്പരം യുവതികളെ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഷോപ്പിംഗ് മാളിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യോഗാ സെന്ററിലേയ്‌ക്കെത്തിക്കുന്നത്. കൗണ്‍സിലിങ് എന്ന പേരില്‍ ഭീഷണിപ്പെടുത്തലും മര്‍ദിക്കലുമാണ് അവിടെ നടന്നിരുന്നത്. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

തൃശ്ശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി യോഗാ സെന്ററില്‍ പരിശോധന നടത്തി. സിഐ രാധാമണിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയെടുത്തു.

മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാനാണ് തീരുമാനം. എന്നാല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് യോഗാ സെന്റര്‍ നടത്തിപ്പുകാരുടെ നിലപാട്. ഇതിനിടെ യോഗാ സെന്ററിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനം അടച്ചു പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി.

അതേസമയം, യോഗാ സെന്ററിനെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേരളത്തിലും റാം റഹീമുമാരെ സൃഷ്ടിക്കണോ എന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. യോഗാ സെന്ററിനെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News