ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും കാവ്യയ്ക്ക് ആശ്വസിക്കാന്‍ വകയായിട്ടില്ല

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീര്‍പ്പാക്കിയെങ്കിലും കാവ്യാ മാധവന് ആശ്വസിക്കാന്‍ വകയായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ഈ നിമിഷം വരെ കാവ്യയെ പ്രതിയാക്കാന്‍ തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചത്. അതിനാല്‍ തന്നെ കാവ്യ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതിയെ ധരിപ്പിച്ചു.

കുരുക്കാനുള്ള ഒരു പോയിന്റ് ബാക്കി

എന്നാല്‍ അവിടെ കാവ്യയെ കുരുക്കാനുള്ള ഒരു പോയിന്റ് ബാക്കിയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതായത് തുടരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ നാളെ കാവ്യക്കെതിരെ തെളിവുണ്ടായാല്‍ നടപടിക്ക് പൊലീസിന് നിയമപരമായ തടസമില്ല എന്നും മനസിലാക്കേണ്ടി വരും. അത് തന്നെയാണ് കാവ്യയെ പ്രതിരോധത്തിലാക്കുന്നതും.

അടുത്തമാസം ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ച സാഹചര്യത്തില്‍ അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന് വേണം മനസിലാക്കാന്‍. സ്വാഭാവികമായും കുറ്റപത്രത്തിന്റെ സമഗ്രതക്ക് അന്വേഷണ സംഘം പഴുതടച്ചുള്ള നീക്കങ്ങളായിരിക്കും നടത്തുക അത് തന്നെയാണ് കാവ്യക്ക് മേല്‍ ഭീഷണിയാകുന്നതും സ്വാഭാവികമായും ജാമ്യഹര്‍ജിയില്‍ തീര്‍പ്പായെങ്കിലും ക്ലീന്‍ ചിറ്റിനായി കാവ്യ ഇനിയും കാത്തിരിക്കേണ്ടി വരും എന്നര്‍ത്ഥം.

പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും, ദിലീപിന്റെ ഭാര്യയായതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കാവ്യയാണ് കേസിലെ മാഡമെന്ന പള്‍സര്‍ സുനിയുടെ മൊഴി വന്നതിന് പിന്നാലെയാണ് കാവ്യ കോടതിയില്‍ എത്തിയത്.

ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. എന്നാല്‍ കാവ്യയുടെ കുടുംബവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നുമുള്ള പള്‍സര്‍ സുനിയുടെ വാക്കുകള്‍ കാവ്യയെ സംശയ നിഴലില്‍ നിര്‍ത്തിയിരുന്നു.

കാവ്യയുടെ ഫ്‌ലാറ്റില്‍ സുനിയെത്തിയതിന്റെ രേഖകള്‍ നശിച്ച് പോയെന്ന കണ്ടെത്തലും കാവ്യക്ക് മേല്‍സംശയങ്ങള്‍ ഉയര്‍ത്തി.

കാവ്യയുടെ കാര്യത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചെങ്കിലും, നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്തമാസം നാലിന് പരിഗണിക്കാനിരിക്കുകയാണ്. നാദിര്‍ഷയില്‍ നിന്ന് പലവിവരങ്ങളും ഇനിയും ലഭിക്കാനുണ്ടെന്നും നാദിര്‍ഷ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് മാറ്റിയതും. നാദിര്‍ഷക്കെതിരെ കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ് പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്നും, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പോകേണ്ട കാര്യമുണ്ടോയെന്നുമാണ് സാധാരണക്കാരില്‍ ഉയരുന്ന സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News