‘എനിക്കെന്നും സ്‌നേഹാ പാര്‍ട്ടിയോട്, കഷ്ടപ്പെടുന്നവര്‍ക്ക് അവരെ ഉണ്ടാവൂ…’ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് ഈ 82കാരി പറയുന്നു

കണ്ണൂര്‍: മാനം കറുക്കുവോളം പാടത്തെ ചെളിയിലും ചേറിലും വിയര്‍പ്പൊഴുക്കിയാണ് മീനാക്ഷിയമ്മ തന്റെ ജീവിതം എത്തിപ്പിടിച്ചത്. പലനേരങ്ങളില്‍ പലയിടങ്ങളില്‍ ഒപ്പുമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പലപ്പോഴായി പിരിഞ്ഞുപോയി.

അപ്പോഴെല്ലാം തന്റെ കൂടെനിന്ന പ്രസ്ഥാനത്തോട് അറ്റമില്ലാത്ത സ്‌നേഹമാണ് ഈ എണ്‍പത്തിരണ്ടുകാരിക്ക്. അതുകൊണ്ടുതന്നെ കാലശേഷം തന്റെ പേരിലുള്ള ഭൂമി പ്രസ്ഥാനത്തിന് നല്‍കുമെന്ന തീരുമാനത്തിനും ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല.

വര്‍ഷങ്ങളായി മാണിയൂര്‍ കട്ടോളിയിലെ നിറസാന്നിധ്യമാണ് മുണ്ടയാടന്‍ മീനാക്ഷിയമ്മ. കട്ടോളി കനാല്‍പാലത്തെ വീട്ടില്‍ തനിച്ചാണ് താമസം. തന്റെ പേരിലുള്ള 12 സെന്റ് ഭൂമിയാണ് സിപിഐഎം കട്ടോളി ബ്രാഞ്ചിന് നല്‍കിയത്. ഒരുവര്‍ഷം മുമ്പാണ് ഭൂമി കൈമാറണമെന്ന ആഗ്രഹം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. മീനാക്ഷിയമ്മയുടെ സഹോദരി അമ്മാളുവമ്മയും വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ടിക്ക് സ്ഥലം നല്‍കിയിരുന്നു. നാലുസെന്റ് ഭൂമിയാണ് അവര്‍ ഇഎംഎസ് മന്ദിരം നിര്‍മിക്കാന്‍ നല്‍കിയത്.

”15-ാം വയസില്‍ തുടങ്ങിയതാ കൃഷിപ്പണി. കൂലിപ്പണിക്ക് പോവുമ്പോഴും എനിക്ക് വേണ്ടതെല്ലാം എന്റെ മണ്ണില്‍ തന്നെയുണ്ടാക്കി. ഇപ്പോ നടക്കാനൊക്കെ വല്യ പ്രയാസാ. ഞാന്‍ പോയാ, എന്റെ ഭൂമി പാര്‍ട്ടിക്കാരെ തന്നെ ഏല്‍പിക്കണംന്ന് കൊറേ ആയി വിചാരിക്ക്ന്ന്. പാര്‍ട്ടിയോട് എനിക്കത്രേം സ്‌നേഹാ… പാര്‍ട്ടിക്കാരി ആയോണ്ട് അമ്മേടെ പെന്‍ഷന്‍ സര്‍ക്കാര് പണ്ട് പിടിച്ച് വച്ചിന്. അനിയന് പട്ടാളത്തില് പോയപ്പോം പാര്‍ട്ടിയാന്ന് പറഞ്ഞു പുകിലുണ്ടായിന്. എന്നാലും എനിക്കെന്നും സ്‌നേഹാ പാര്‍ട്ടിയോട്. കഷ്ടപ്പെടുന്നവര്‍ക്ക് അവരെ ഉണ്ടാവൂ…” മീനാക്ഷിയമ്മയുടെ വാക്കുകളില്‍ സന്തോഷംനിറഞ്ഞു.

മീനാക്ഷിയമ്മയ്ക്ക് തുണയായി പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നും ഒപ്പമുണ്ട്. ഐആര്‍പിസിയുടെ സാന്ത്വനപരിചരണ വിഭാഗം അവരെ കാണാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടിലെത്തും. കട്ടോളി ബ്രാഞ്ച് സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് മീനാക്ഷിയമ്മയെ ആദരിച്ചു.

കെ ഗോവിന്ദന്‍ അധ്യക്ഷനായി. പിവി ലക്ഷ്മണന്‍, അനില്‍കുമാര്‍, പി സജേഷ്, കുതിരിയോടന്‍ രാജന്‍, കെ ഗണേശന്‍, പി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
(ദേശാഭിമാനിക്ക് വേണ്ടി ജസ്‌ന ജയരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News