ഒടിപി തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്

തിരുവനന്തപുരം: ഒ.ടി.പി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാ തല പൊലീസ് സൈബര്‍ സെല്ലുകളെ അറിയിച്ചാല്‍ പണം തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി. തട്ടിപ്പ് തടയുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പുകളും ഉയര്‍ന്നിരിക്കുകയാണ്

ഈ അടുത്തകാലത്തായി ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍വഴിയുള്ള തട്ടിപ്പുകളും ഉയര്‍ന്നിരിക്കുകയാണ്. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റു പലതരത്തിലും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നുവെന്ന് കാട്ടിയാണ് ബെഹ്‌റ ഇത് തടയാനുള്ള മുന്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

OTP മനസിലാക്കിയശേഷം നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താനും ഡിജിപി നിര്‍ദ്ദേശിക്കുന്നുണ്ട്. OTP തട്ടിപ്പ് വഴി ആര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടാല്‍ ഉടനടി ആവിവരം പൊലീസ് സൈബര്‍ സെല്ലിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും.

ഇത്തരം തട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിന് അതാത് ജില്ലാ സൈബര്‍ സെല്ലുകളില്‍ വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിനിരയാകുന്നവര്‍ വിവരം ജില്ലാ സൈബര്‍ സെല്ലിനെ അറിയിക്കണമെന്നും ബെഹ്‌റ ആവശ്യപ്പെടുന്നു.

പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്യരുതെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ OTP നമ്പര്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാതിരിക്കുകയും പണം നഷ്ടപ്പെടാതെ നോക്കുകയും ആണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നും ബെഹ്‌റ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here