ഒടുവില്‍ കുറ്റസമ്മതം നടത്തി മോദി; ‘രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്’; ഉപദേശിക്കാന്‍ അഞ്ചംഗ സമിതി: കണ്ണില്‍പൊടിയിടാന്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് മോദിജി

ദില്ലി: സാമ്പത്തിക മാന്ദ്യം മറച്ചു വയ്ക്കാന്‍ ക്ഷേമ പദ്ധതി പ്രഖ്യാപനവുമായി നരേന്ദ്ര മോദി. മാന്ദ്യം മറികടക്കാനുള്ള ഉത്തജക പാക്കേജ് പ്രതീക്ഷിച്ചിരുന്നിടത്ത് എല്ലാവര്‍ക്കും വൈദ്യുതിയെന്ന വാഗ്ദാനവുമായി സൗഭാഗ്യ എന്ന പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്.

തകര്‍ച്ചയില്‍ നിന്നും കരകയറാനുള്ള പദ്ധതികളൊന്നും മോദി പ്രഖ്യാപിച്ചില്ല

ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സൗഭാഗ്യ എന്ന പേരില്‍ ക്ഷേമ പദ്ധതി പ്രഖ്യാപിച്ച് 2019ലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുകയാണ് മോദി ചെയ്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാവര്‍ക്കും വൈദ്യുതിയെന്ന വാഗ്ദാനം പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചു.

രാജ്യത്തെ വൈദ്യുതിയില്ലാത്ത നാല് കോടി ഭവനങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. ആയിരം ദിവസത്തിനകം വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ഇതിനായി 16,320 കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുമെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖല, ഉല്‍പ്പാദന മേഖല, ചെറുകിട ഇടത്തരം വ്യവസായ മേഖല, കയറ്റുമതി തുടങ്ങിയ മേഖലകളെ തകര്‍ച്ചയില്‍ നിന്നും കരകയറാനുള്ള പദ്ധതികളൊന്നും മോദി പ്രഖ്യാപിച്ചില്ല.

അതേസമയം, രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി തുറന്നുസമ്മതിച്ചു. മൂന്നുവര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ മൂന്നുമാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നെന്ന് മോദി സമ്മതിച്ചു.

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമെന്നിരിക്കേ സാമ്പത്തിക ഉപദേശക സമിതിയെയും രൂപീകരിച്ചു. നീതി ആയോഗ് അംഗം ബിബേക് ദബ്‌റോയ് അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് ഇനി മോദിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കുക. സുര്‍ജിത്ത് ബല്ല, രത്തിന്‍ റോയ്, ആഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

അതേസമയം, സാമ്പത്തിക മാന്ദ്യത്തില്‍ തൊടാതെയാണ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം നടന്നത്. രാജ്യത്തിന്റെ സാമ്പത്തിക നിജസ്ഥിതി വെളിപ്പെടുത്തേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക പ്രമേയം അവതരിപ്പിക്കുന്നത് വേണ്ടെന്ന് വച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രമേയം നിര്‍വ്വാഹക സമിതി യോഗം പാസ്സാക്കി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോള്‍ ദില്ലിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഈ വിഷയത്തെ കുറിച്ച് മൗനം പാലിച്ചു. സാധാരണഗതിയില്‍ ബിജെപി നിര്‍വ്വാഹക സമിതി യോഗങ്ങളില്‍ അവതരിപ്പിക്കാറുള്ള സാമ്പത്തിക പ്രമേയം ഈ യോഗത്തില്‍ വേണ്ടെന്ന് വച്ചു. ഉദ്ഘാടന പ്രസംഗം നടത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള നയങ്ങളെ പ്രകീര്‍ത്തിച്ചാണ് സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here