ഡിവൈഎഫ്‌ഐ ഇടപെട്ടു; ആശ്രാമം ആശുപത്രിയിലെ മരണത്തില്‍ അന്വേഷണം

കൊല്ലം: ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ശേഷം രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ ജില്ല ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലം ഡിഎംഒ അന്വേഷിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. മരിച്ച സദാശിവന്റെ ബന്ധുക്കളുമായി ആശുപത്രിയിലെത്തി ഡിവൈഎഫ്‌ഐ നടത്തിയ സമരത്തെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ സദാശിവന്‍, ഉഷ, മധുസൂദനന്‍ പിള്ള എന്നിവരാണ് നാല് ദിവസത്തിനിടെ ആന്‍ജിയൊപ്ലാസ്റ്റി ശസ്ത്രക്രീയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മരിച്ചത്. സദാശിവന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

ഈ സാഹചര്യത്തിലാണ് ആര്‍ഡിഒ ഡോക്ടര്‍ ചിത്ര ഐഎഎസ് സ്ഥലത്തെത്തി അന്വേഷണം പ്രഖ്യാപിച്ചത്. ഡിഎംഒ അന്വേഷിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തങ്ങളോട് ആലോചിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് മരിച്ച സദാശിവന്റെ ബന്ധുക്കളുടെ പരാതി. ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയൊപ്ലാസ്റ്റി ശസ്ത്രക്രീയ ഉള്‍പെടെ മറ്റൊരു ആശുപത്രിയ്ക്ക് പുറംകരാറാണ് നല്‍കിയിട്ടുള്ളത്. കമ്മീഷന്‍ ലഭിക്കാനായി ഇഎസ്‌ഐ യിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് അനാവശ്യമായി ആന്‍ജിയോഗ്രാം നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നതായി ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ടും അറിയിച്ചു. ലാബ് സംവിധാനങ്ങള്‍ ഐസിയു യൂണിറ്റ് അടക്കം പുറംകാര്‍ നല്‍കുന്ന ഇഎസ്‌ഐ കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ തുടര്‍ സമരങ്ങള്‍ നടത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News