കേരളം ഞെട്ടിയ അ‍ഴിമതിക്കഥയുടെ പിന്നാമ്പുറം; ചെറുമീനുകള്‍ മുതല്‍ മുഖ്യമന്ത്രിവരെ പ്രതിക്കൂട്ടിലായ ആരോപണങ്ങള്‍ ഇങ്ങനെ

കൊച്ചി: ഒരു ക്രൈം ത്രില്ലർ സിനിമ സമ്മാനിക്കുന്ന ജിജ്ഞാസയോടും പിരിമുറുക്കത്തോടും കൂടിയാണ് സോളാർ കുംഭകോണ കേസിലെ ഓരോ സംഭവ വികാസവും രാഷട്രീയ കേരളം കണ്ടു നിന്നത് .

സരിത ജയിലിൽ നിന്നെഴുതിയ കത്തിലെ പേരുകൾ ഒന്നൊന്നായി പുറത്തു വന്നതും, ശാലു മേനോന്റെ ഗൃഹപ്രവേശ ചടങ്ങും , തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കരിക്ക് കുടിയും , ഒക്കെ ഈ പരമ്പരയിൽ ചിലത് മാത്രം.

അശ്ലീല CD തേടിയുള്ള കേരള പോലീസിന്റെ കോയമ്പത്തൂർ യാത്ര മലയാളിയെ മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി.

2015 ഡിസംബർ 10 , ചാനലുകളിലെ കണ്ണീർ പരമ്പരകളുടെ സ്ഥിരം പ്രേക്ഷകർ പോലും ന്യൂസ് ചാനലുകൾക്ക് മുന്നിൽ ഇമ ചിമ്മാതെ നോക്കി നിന്ന ദിനം .

കൊച്ചിമുതല്‍ കോയമ്പത്തൂര്‍ വരെ

കൊച്ചിയിലെ സോളാർ കമ്മീഷൻ ഓഫീസ് മുതൽ കോയമ്പത്തൂരിലെ ഉക്കടം വരെ ദേശീയപാതയോരത്ത് ആ അപൂർവ്വ കാഴ്ച കാണാൻ ജനക്കൂട്ടം കാത്തു നിന്നു .

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെട്ട ദൃശ്യങ്ങൾ അടങ്ങുന്ന CD താൻ കോയമ്പത്തൂരിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലായിരുന്നു തുടക്കം .

സോളാർ കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേരള പോലീസ് വൻ മാധ്യമ പടയുടെ അകമ്പടിയോടെ CD തേടി കോയമ്പത്തൂരിലെത്തിയെങ്കിലും , CD സൂക്ഷിച്ചിരുന്ന തുണി സഞ്ചിയല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല .

പാലക്കാട് നിന്ന് നേരത്തെ തന്നെ രഹസ്യ പോലീസ് കോയമ്പത്തൂരിലെത്തി വേണ്ട ഇടപെടൽ നടത്തിയിരുന്നു എന്നത് പിന്നാമ്പുറക്കഥ .

അശ്ലീല കഥകൾ വേണ്ടുവോളം ഉള്ള സോളാർ പരമ്പരയിലെ മറ്റൊരു എപ്പിസോഡാണ് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിഖ്യാതമായ കരിക്കുകുടി .

സോളാർ തട്ടിപ്പ് പണം ഉപയോഗിച്ച് നിർമ്മിച്ചതെന്ന് പറയുന്ന ശാലു മേനോന്റെ ചങ്ങനാശ്ശേരിയിലെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിലായിരുന്നു അത് .

താൻ ചടങ്ങിൽ പങ്കെടുത്തിട്ടില്ലന്നായിരുന്നു , തിരുവഞ്ചുരിന്റെ ആദ്യ വാദമെങ്കിലും ചിത്രങ്ങൾ ഒന്നൊന്നായി പുറത്തു വന്നതോടെ ആ വാദം പൊളിഞ്ഞു .

യു പി എ ഭരണകാലത്ത് ഒട്ടേറെ പ്രതിഭകളെ തഴഞ്ഞ് ശാലു മേനോനെ കേന്ദ്ര സിനിമാ സെൻസർ ബോർഡിൽ അംഗമാക്കിയത് പിന്നീടുള്ള ചരിത്രം .

തിരുവഞ്ചൂർ രാധാകൃഷണൻ എന്ന തലമുതിർന്ന കോൺഗ്രസ് നേതാവ് സ്വയം അപഹാസ്യനാവുന്നതിനും ആ കരിക്ക് കുടി അങ്ങനെ നിമിത്തമായി .

കോഴിക്കോട് യുവതിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചതാണ് പരമ്പരയിലെ മറ്റൊരു സംഭവം .

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലീം രാജ് ഉൾപ്പെട്ട സംഘത്തെ നാട്ടുകാർ പോലീസിന് കൈമാറി . മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ ആസ്ഥാനമാണെന്ന് കേരളം ഞെട്ടലോടെ അന്ന് തിരിച്ചറിഞ്ഞു .

സരിത ജയിലിൽ നിന്നെഴുതിയ കത്തും അതിലെ പേരുകളും ഒരു പാട് യു ഡി എഫ് നേതാക്കളുടെ ഉറക്കം കെടുത്തി . ചില രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളിൽ അത് അശാന്തിയുടെ തീ പടർത്തി .

തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് എം എൽ എ ആയിരുന്ന അബ്ദുള്ളക്കുട്ടി ക്കെതിരെ സരിത നൽകിയ പരാതിയിൽ തുടർനടപടി ഉണ്ടായില്ല .

നിയമ വ്യവസ്ഥയെ അധികാരം ഉപയോഗിച്ച് എങ്ങനെ അട്ടിമറിക്കാമെന്ന് ഓരോ സംഭവവും അങ്ങനെ കാണിച്ചു തന്നു . എങ്കിലും ചില മുഖം മൂടികൾ അഴിഞ്ഞു വീണു എന്നതാണ് സോളാർ സംഭവ പരമ്പരകളുടെ ബാക്കിപത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News