യുറോപ്പില്‍ കാല്‍പന്ത് പോരാട്ടത്തിന്റെ കാഹളം; വമ്പന്‍മാരെല്ലാം കളത്തിലേക്ക്

മാഡ്രിഡ്: കാല്‍പന്ത് ലോകത്തെ വമ്പന്‍ ടീമുകളെല്ലാം വലിയ വിജയം തേടിയാണ് പോരാട്ടത്തിനിറങ്ങുക. ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ടിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മൊണാകൊ, ഡോര്‍ട്മുണ്ട്, റോമ തുടങ്ങിയ കരുത്തരെല്ലാം ഇന്ന് കളത്തിലെത്തും.

ലയണല്‍ മെസിയുടെ ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, പി എസ് ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, യുവന്റസ് എന്നിവരുടെ പോരാട്ടം നാളെയാണ്.

കിരീടം നിലനിര്‍ത്താന്‍ സിദാനും സംഘവും

അപ്രതീക്ഷിത തിരിച്ചടികളേറ്റ് ലാലിഗയില്‍ പിന്നിലായ റയലിനെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ജയം അനിവാര്യമാണ്. ബുണ്ടസ് ലിഗയില്‍ വന്‍ കുതിപ്പുമായി ഒന്നാം സ്ഥാനത്തെത്തിയ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് റയലിന്റെ എതിരാളികള്‍.

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോയും സംഘവും ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.

ടോട്ടന്‍ഹാം ഹോട്‌സ്പറിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടാണ് ബൊറുസീയ റയലിനെതിരെ പന്തുതട്ടാനെത്തുന്നത്. ക്രിസ്റ്റ്യാനോ, ബെയില്‍ എന്നിവരുടെ ബൂട്ടുകള്‍ ചലിച്ചാല്‍ ബൊറുസിയക്ക് രക്ഷയുണ്ടാകില്ല.

സിറ്റിയും ഷാക്തറും ഏറ്റുമുട്ടും

പ്രീമിയര്‍ ലീഗിലെ വമ്പന്‍ ജയങ്ങളുടെ ബലമാണ് സിറ്റിയുടെ ആത്മവിശ്വാസം. യുക്രെയ്ന്‍ ശക്തികളായ ഷാക്തര്‍ ആരേയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്.

ആദ്യ ജയം തേടി ലിവര്‍പൂള്‍

താരതമ്യേന ദുര്‍ബലരായ സ്പാര്‍ടക് മോസ്‌കോയ്‌ക്കെതിരെ ജയം സ്വന്തമാക്കാമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. ഇറ്റാലിയന്‍ കരുത്തരായ റോമയ്ക്ക് ഖറാബാഗാണ് എതിരാളികള്‍.

ഇന്ന് രാത്ര നടക്കുന്ന മറ്റു മത്സരങ്ങളില്‍ നാപോളി ഫെയനൂര്‍ദുമായും സെവിയ്യ മാരിബോറുമായും മൊണാകൊ പോര്‍ട്ടോയുമായും ഏറ്റുമുട്ടും.

കരുത്ത് കാട്ടാന്‍ മെസിയും സംഘവും

അതേസമയം ബാഴ്‌സലോണയടക്കമുള്ള പ്രമുഖര്‍ നാളെ കളത്തിലെത്തും. ബാഴ്‌സയുടെ എതിരാളികള്‍ സ്‌പോര്‍ട്ടിംഗാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോരാട്ടം സി.എസ്.കെ.എ മോസ്‌കോയുമായാണ്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയ്ക്കാകട്ടെ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് പോരടിക്കേണ്ടത്.

ബയേണിനെതിരെ നെയ്മര്‍

ജര്‍മ്മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ശക്തികളായ പി എസ് ജിയുമായുള്ള മത്സരം ആരാധകരെ ആവേശത്തിലാക്കും. നെയ്മര്‍ പി എസ് ജിയിലെത്തിയ ശേഷം ആദ്യമായുള്ള വമ്പന്‍ പോരാട്ടം കൂടിയാണ് മത്സരം.

ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന്റെ പോരാട്ടം ഒളിംമ്പ്യിയാകോസുമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News