പള്‍സര്‍ പൊലീസിന് ദൈവം; ജാമ്യാപേക്ഷയില്‍ ദിലീപിന്റെ വാദങ്ങള്‍ ഇങ്ങനെ

കൊച്ചി: പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയെന്ന് ദിലീപ് ഹൈക്കോടതിയില്‍. പൊലീസ് വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നും ജാമ്യഹര്‍ജിയില്‍ വാദത്തിനിടെ പ്രതിഭാഗം ആരോപിച്ചു. ഹര്‍ജിയില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി.

കേസ് ഡയറി പൊലീസ് സമര്‍പ്പിച്ചു

നാളെ പ്രോസിക്യൂഷന്റെ വാദം നടക്കും. രണ്ടാമത്തെ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടോ എന്നാണ് ഇനി പരിശോധിക്കാന്‍ ഉള്ളതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

കേസ് ഡയറി മുദ്രവച്ച കവറില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട വാദത്തിനിടെ പ്രോസിക്യൂഷനെതിരെ ശക്തമായ ആരോപണങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. ദിലീപിനെതിരെ കൃത്രിമമായ തെളിവുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം.

ഇതിന് കൊടും ക്രിമിനലായ പള്‍സര്‍ സുനിയുടെ മൊഴിയെ ആശ്രയിക്കുകയാണ് പൊലീസ്. പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. മാത്രവുമല്ല പൊലീസ് വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ പൊലീസ് തയ്യാറാകുന്നില്ല. വിവരങ്ങള്‍ അറിയാനുള്ള പ്രതിയുടെ അവകാശത്തെ പൊലീസ് ഹനിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു.

കേസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. 79 ദിവസം ഇതിനകം ദിലീപ് ജയിലില്‍ കഴിഞ്ഞു.

ദിലീപിനെ വിചാരണത്തടവുകാരനായി മാറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. കേസിലെ രണ്ട് പ്രതികള്‍ക്ക് ഇതിനകം ജാമ്യം ലഭിച്ച വിവരവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

മാത്രമല്ല പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അത് പൊലീസിന്റെ വീഴ്ചയാണ് ഇതിന്റെ പേരില്‍ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ല. പൊലീസിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് പൊലീസ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.

പ്രതിഭാഗം വാദം ഇന്ന് പൂര്‍ത്തിയായി. നാളെ പ്രോസിക്യൂഷന്‍ ഇതിന്മേല്‍ എതിര്‍വാദം നടത്തും. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News