സോളാര്‍ കേസ്: ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് നാലു ഭാഗങ്ങളായി; പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പിച്ചു. നാലു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചെന്നും പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പത്ത് മിനിറ്റിലധികം മുഖ്യമന്ത്രിയുമായി ജസ്റ്റിസ് ശിവരാജന്‍ കൂടിക്കാഴ്ച്ചയും നടത്തി.

വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവി

ജുഡീഷ്യല്‍ കമീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന അന്വേഷണ കമീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചത്. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സോളാര്‍ തട്ടിപ്പ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവിയാണ്.

ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിപ്പുകാരായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധിപേരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ലഭിച്ച പരാതി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി മാറുന്ന സ്ഥിതിയായി.

ഉമ്മന്‍ചാണ്ടി, പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍, യുഡിഎഫ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായി. എല്‍ഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

കമീഷന് പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കാതിരുന്നത് വാര്‍ത്തയായപ്പോള്‍ 2014 മാര്‍ച്ചില്‍ ഓഫീസ് തുറന്നു. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ആരോപണവിഷയങ്ങള്‍ തീരുമാനിച്ചല്ല. ഒടുവില്‍ ആരോപണ വിഷയങ്ങള്‍ തീരുമാനിച്ചത് 2014 നവംബറിലാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നത് കമീഷന്‍ അന്വേഷിച്ച ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

2015 ജനുവരി 12നാരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമീഷനില്‍ ഹാജരാക്കി.

2013 ജൂണ്‍ രണ്ടിന് രാത്രി സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു. കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോപകര്‍പ്പ്, തമ്പാനൂര്‍ രവി, ബെന്നി ബെഹ്നാന്‍, സലീംരാജ്, വാസുദേവശര്‍മ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. ആകെ 56 മണിക്കൂറാണ് കമീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ് നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. ബിജു രാധാകൃഷ്ണനുമായി തെളിവു ശേഖരിക്കാന്‍ കോയമ്പത്തൂര്‍ക്ക് പോയത് വലിയ വിവാദങ്ങള്‍ക്കിടയാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ രണ്ടുദിവസങ്ങളിലായി കമീഷനില്‍ ഹാജരായി തെളിവുനല്‍കി. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രി മാത്യു ടി തോമസ് എന്നിവരടക്കം തെളിവുകള്‍ നല്‍കി.

മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, ജോസ് കെ മാണി എംപി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ്, പൊലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപി എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍ എന്നീ പ്രമുഖരെ കമീഷന്‍ വിസ്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News