മോദി കണ്ണുരുട്ടി; ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ തെറിച്ചു

ദില്ലി: പത്രവമ്പന്‍മാരെ ഭീഷണിപ്പെടുത്തി സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന മോദി ഇത്തവണ വീഴ്ത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ബോബി ഘോഷിനെ.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമ ഷോഭന ഭര്‍ട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ പത്രം എഡിറ്റര്‍ ഇന്‍ ചീഫ് ബോബി ഘോഷിന്റെ സ്ഥാനം തെറിച്ചു.

വര്‍ഗീയ ആക്രമണങ്ങളെക്കുറിച്ച് പരമ്പര വന്നതിന് പിന്നാലെയാണ് നടപടി

രാജ്യത്തെ വര്‍ഗീയ ആക്രമണങ്ങളെക്കുറിച്ച് ബോബി ഘോഷിന്റെ കീഴില്‍ പത്രത്തില്‍ പരമ്പര വന്നതിന് പിന്നാലെയാണ് നടപടി. ഘോഷ് രാജി വച്ച്, ഇരുപത് മിനിറ്റിനകം പരമ്പരയെക്കുറിച്ചുള്ള സോഷ്യല്‍മീഡിയയിലെ പ്രചാരണം ഹിന്ദുസ്ഥാന്‍ ടൈംസ് ഒഴിവാക്കി.

അന്താരാഷ്ട്ര മാധ്യമ രംഗത്ത് ഏറെ പ്രശ്‌സ്തനായ ബോബി ഘോഷ്, ടൈം മാഗസീന്റെ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ 2016 മെയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിലെത്തുന്നത്.

16 മാസം നീണ്ട കാലയളവില്‍ സംഘപരിവാര്‍ രാഷ്ട്രിയത്തിനെതിരെ പത്രം കൈകൊണ്ട നിലപാടുകള്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു.

ജൂലൈ 28ന് hatetracker എന്ന പേരില്‍ പത്രം ആരംഭിച്ച പരമ്പരയില്‍ കുടുങ്ങിയതിലേറെയും ബിജെപി നേതാക്കള്‍. 2015 സെപ്തംബര്‍ മുതല്‍ രാജ്യത്ത് നടത്തിയ വര്‍ഗിയ സംഘര്‍ഷങ്ങള്‍, ഗോസംരക്ഷണ അക്രമങ്ങള്‍ തുടങ്ങിയവ പരമ്പരയില്‍ അക്കമിട്ട് നിരത്തുന്നു. നോട്ട് മാറ്റമടക്കമുള്ള വിഷയങ്ങളില്‍ പത്രം കൈകൊണ്ട നിലപാടും മോദിയ്ക്ക് തിരിച്ചടിയായി.

ഇതിനിടയില്‍ ബോബി ഘോഷിന്റെ പൗരത്വം ചൂണ്ടികാണിച്ച് പത്രത്തെ സമര്‍ദത്തിലാക്കാന്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തന്നെ രംഗത്ത് എത്തി. വിദേശ പൗരത്വമുള്ള ബോബിയെ എഡിറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യമുണ്ടായി.

അമേരിക്കന്‍ പൗരത്വം ചൂണ്ടികാണിച്ച് ദി ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ സിദാര്‍ദ്ധ് വരദരാജനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ദില്ലി ഹൈക്കോടതിയില്‍ കേസിന് പോയിരുന്നു. വിദേശ പൗരന്‍മാര്‍ ഇന്ത്യയില്‍ എഡിറ്റര്‍മാര്‍ ആകുന്നതിന് നിയമതടസമില്ലാത്തതിനാല്‍ കേസ് തള്ളി.

ഈ പശ്ചാത്തലത്തില്‍ ബോബി ഘോഷിന്റെ പൗരത്വം ഉയര്‍ത്തിയുള്ള സമര്‍ദം ഹിന്ദുസ്ഥാന്‍ ടൈംസ് കാര്യമാക്കിയില്ല. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തുന്ന ചടങ്ങിലേയ്ക്ക് ക്ഷണിക്കാന്‍ പത്രം ഉടമ ഷോഭന ഭര്‍ട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു.

ബോബി ഘോഷ് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍ മുന്‍നിറുത്തി എഡിറ്റര്‍ ഇന്‍ ചീഫ് രാജി വച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

അധികാരമുപയോഗിച്ച് മാധ്യമങ്ങളെ ചൊല്‍പ്പടിയ്ക്ക് നിറുത്താനുള്ള മോദിയുടേയും ബിജെപിയുടേയും ശ്രമം ഇതാദ്യമായല്ല. എന്‍ഡിടിവിക്കെതിരായ ആദായനികുതി വകുപ്പിന്റെ കേസിനെതിരെ മാധ്യമലോകത്ത് നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News