വിഴിഞ്ഞം കരാറില്‍ സിഐജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശരിവെച്ചു; അഴിമതി പുറത്തു കൊണ്ടു വരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരം എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു . സര്‍ക്കാര്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വിഴിഞ്ഞം കരാറിലെ ക്രമക്കേട് സംബന്ധിച്ച് സി എ ജി റിപ്പോര്‍ട്ടില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. കരാറിലെ അപാകതകള്‍ സി എ ജി റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു . ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും, ഭരണഘടനയുടെ നൂറ്റി അന്‍പത്തി ഒന്നാം വകുപ്പിന്റെ അടിസ്ഥാനത്തിലും സര്‍ക്കാര്‍ തീരുമാനം എടുക്കും.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . അതേസമയം, വിഴിഞ്ഞം കരാറിനെ ന്യായീകരിച്ചും, സി എ ജി റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി.

ഹൈക്കോടതി ആവശ്യപ്പെടാതെ തന്നെ കോടതിയില്‍ ഉമ്മന്‍ചാണ്ടി നിലപാട് അറിയിക്കുകയായിരുന്നു. കരാര്‍ പഠിക്കാതെയാണ് സി എ ജി റിപ്പോര്‍ട്ട് തയാറാക്കിയത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം ഒന്‍പതിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി, കരാര്‍ സംബന്ധിച്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍

കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍ എന്നാണ് ഡിവിഷന്‍ ബഞ്ച് വിഴിഞ്ഞം കരാറിനെ വിശേഷിപ്പിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി ഒപ്പുവച്ച കരാര്‍ മൂലം സംസ്ഥാനത്തിന് അറുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സി എ ജി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here