ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം; മുഖ്യമന്ത്രി പിണറായിയുടെ ഇടപെടലില്‍ നയതന്ത്ര ബന്ധത്തില്‍ പുതുചരിത്രം

തിരുവനന്തപുരം: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം.

മൂന്ന് വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞവരെ ഷാര്‍ജ ഭരണകൂടം മോചിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സ്വതന്ത്രരാവാന്‍ വഴിയൊരുക്കിയത്.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ അഭ്യര്‍ത്ഥനപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷാര്‍ജ സുല്‍ത്താന്‍ തീരുമാനിച്ചത്.

മലയാളികളെ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍പെടാത്ത മുഴുവന്‍ ഇന്ത്യക്കാരെയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു.

ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചത്.

‘ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ.

അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ എന്നോട് പറഞ്ഞത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പിന്നീട് തന്റെ മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും സ്ഥിരീകരിക്കുകയായിരുന്നു.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമാകും.

യുഎഇയിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.

വിദേശത്ത് തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിന് കേന്ദ്രം അറച്ചുനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഇടപെടലിലൂടെ നിരവധി പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നത്.

പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാന്‍ നടത്തുന്ന ഇടപെടലുകളുടെ അവസാനത്തെ ഉദാഹരണമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News