തദ്ദേശീയര്‍ക്ക് പ്രാധാന്യം നല്‍കി ടൂറിസം വികസനം

വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാകണം കേരളം മുന്‍ഗണന നല്‍കേണ്ടത്. ഗുണകരമായ ജനകീയ ഇടപെടല്‍ വിനോദസഞ്ചാരരംഗത്ത് ഉണ്ടാകണം. പരിസ്ഥിതിയെ പോറലേല്‍പ്പിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തില്‍ ഉണ്ടാകേണ്ടത്.

സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും മുതല്‍ക്കൂട്ടാക്കി കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനാകണം. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ഏറെ തൊഴില്‍സാധ്യതകളാണ് വിനോദസഞ്ചാരമേഖലയില്‍ സൃഷ്ടിക്കാനാകുന്നത്. പ്രവാസികളുടെയും സംരംഭക തല്‍പ്പരരുടെയും സഹായത്തോടെ വിനോദസഞ്ചാരമേഖലയില്‍ മുന്നേറ്റം കൊണ്ടുവരാനാകും.

2016ല്‍ 10,38,419 വിദേശ വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 6.23 ശതമാനം വര്‍ധന. 2016ല്‍ 1,31,72,535 ആഭ്യന്തരടൂറിസ്റ്റുകളും കേരളത്തിലെത്തി. അതായത്, 5.67 ശതമാനം വര്‍ധന. 7749.5 കോടി രൂപയുടെ വിദേശനാണ്യം നേടിയപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ധന 11.5 ശതമാനം. നേരിട്ടും അല്ലാതെയും 29658.56 കോടി രൂപയാണ് 2016ല്‍ ടൂറിസംരംഗത്തുനിന്നുള്ള ആകെവരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധന.

വിനോദസഞ്ചാരമേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് അതായത് തദ്ദേശവാസികള്‍ക്കുകൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്നതാണ് സര്‍ക്കാര്‍നയം. ഉത്തരവാദിത്ത ടൂറിസത്തിനാണ് ഊന്നല്‍. ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ ലഭ്യമാകുന്ന വരുമാനത്തിന്റെ മുഖ്യപങ്ക് അവിടത്തെ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന ആശയമാണ് സാമ്പത്തിക ഉത്തരവാദിത്ത ടൂറിസം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതുവഴി പ്രദേശവാസികള്‍ക്ക് അധികം വരുമാനം ലഭിക്കുന്ന ഒന്നായോ, മുഖ്യവരുമാനം ലഭ്യമാക്കുന്ന ഒന്നായോ ടൂറിസത്തെ മാറ്റുകയാണ് ലക്ഷ്യം.

ഉത്തരവാദിത്ത ടൂറിസംപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ഗ്രാമീണ ടൂറിസം പാക്കേജ് മേല്‍പ്പറഞ്ഞ തനതു സംസ്‌കാരത്തെയും പൈതൃകത്തെയും തന്മയത്വത്തോടുകൂടി ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ പാക്കേജുകളിലൂടെ പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും തദ്ദേശവാസികള്‍ക്ക് വരുമാനവും ഉറപ്പാക്കുന്നു. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് ആ പ്രദേശത്തെ പ്രത്യേകതകളും സാംസ്‌കാരികതയും മനസ്സിലാക്കാന്‍ അവസരവും ഒരുക്കുന്നു.

വായു, മണ്ണ്, ജലം, ജീവജാലങ്ങള്‍ ഇവയെല്ലാം പൊതുസ്വത്താണ്. ഈ പൊതുസ്വത്തുക്കളിന്മേലാണ് ടൂറിസംവ്യവസായം നിക്ഷേപം നടത്തുന്നത് എന്നതുകൊണ്ട് അവയുടെ സംരക്ഷണത്തിന് ടൂറിസംവ്യവസായത്തിനും ടൂറിസ്റ്റുകള്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ടൂറിസംവ്യവസായികളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന ക്‌ളീന്‍ വേമ്പനാട് പദ്ധതി ഇതിന് ഉദാഹരണമാണ്.

ഉത്തരവാദിത്ത ടൂറിസംപദ്ധതികള്‍ വിജയകരമാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസംകേന്ദ്രമെന്ന ബഹുമതി കുമരകത്തിനാണ്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉത്തരവാദിത്ത ടൂറിസം തദ്ദേശീയ സമൂഹത്തിന്റെ ജീവിതാവസ്ഥകളെ അത്ഭുതകരമാംവിധം മെച്ചപ്പെടുത്തി എന്നതാണ്. കുമരകത്തിന്റെ വിജയമാതൃക പിന്തുടര്‍ന്നുകൊണ്ട് കേരളത്തിലെ ഇതര ടൂറിസം കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം നടപ്പാക്കിവരികയാണ്.

ഗ്രാമീണജീവിതം അടുത്തറിയാനും തനത് നാടന്‍കലകള്‍ പരിചയപ്പെടുത്താനും തനത് പ്രാദേശിക ഉല്‍പ്പന്നങ്ങളും കരകൌശല സാമഗ്രികളും ഇടനിലക്കാരില്ലാതെ ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കുന്നതിനുമൊക്കെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിക്കും. വലിയ ഹോട്ടല്‍ അല്ലെങ്കില്‍ റിസോര്‍ട്ട് ഉടമകള്‍ക്കുമാത്രമല്ല ടൂറിസംവികസനത്തിന്റെ നേട്ടം കിട്ടേണ്ടത് എന്നതാണ് സര്‍ക്കാര്‍ കാണുന്നത്.

ഉത്തരവാദിത്ത ടൂറിസംമിഷന്‍വഴി ടൂറിസംമേഖലയില്‍ ഒന്നര ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കാനാണ് ശ്രമം. കുറഞ്ഞത് 50,000 തദ്ദേശവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസംപദ്ധതിപ്രകാരം തൊഴില്‍പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 20 വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ പുതുതായി ആരംഭിക്കും.

പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി, മണ്‍പാത്രനിര്‍മാണം, കള്ള് ചെത്തല്‍ എന്നിവയില്‍ അധിഷ്ഠിതമായ ഗ്രാമീണ ടൂറിസംപാക്കേജുകള്‍ പ്രോത്സാഹിപ്പിക്കും. പരമ്പരാഗത തൊഴിലുകളെയും കരകൌശല നിര്‍മാണത്തെയും അനുഷ്ഠാന ശാസ്ത്രീയകലകളെയും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നതുവഴി തദ്ദേശീയര്‍ക്ക് വരുമാനം ലഭ്യമാക്കുന്ന പ്രവര്‍ത്തനം ഉത്തരവാദിത്ത ടൂറിസംമിഷന്‍ ഏറ്റെടുക്കും.

ടൂറിസത്തിലെ നൂതനപ്രവണതകള്‍ ഗ്രാമപ്രദേശങ്ങള്‍ക്കും അവികസിത പ്രദേശങ്ങള്‍ക്കും വലിയ സാധ്യത തുറന്നിടുന്നുണ്ടെന്നു മനസ്സിലാക്കിയാണ് ഉത്തരമലബാറിലേക്ക് തനതായ ടൂറിസംപദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ‘ലോണ്‍ലി പ്‌ളാനറ്റ്’ പട്ടികയില്‍ വടക്കന്‍ കേരളം മൂന്നാംസ്ഥാനത്താണ്.

വടക്കന്‍ കേരളത്തിലെ ടൂറിസംവികസനത്തിനായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ ലോകോത്തര അംഗീകാരം സര്‍ക്കാരിന് പ്രചോദനമേകുന്നു. ചൈനയിലെ ഗാന്‍ഷു, ജപ്പാനിലെ സൌത്ത് ടോക്യോ എന്നിവ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് വടക്കന്‍ കേരളത്തിന് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്‌ളാനറ്റ് നല്‍കിയിരിക്കുന്നത്. മലബാറിന്റെ മനോഹാരിതയും പ്രത്യേകതകളും ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനം വിജയം കണ്ടുവെന്നതിന്റെ തെളിവാണിത്.

കേവലം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ വടക്കന്‍ മലബാറിന്റെ ടൂറിസംവികസനത്തിന് 600 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസംവകുപ്പ് രൂപം നല്‍കി. 300 കോടിയോളം രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന മലബാര്‍ ക്രൂയിസ് ടൂറിസംപദ്ധതിയുടെ ആദ്യഘട്ടമായി പറശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും അവിടത്തെ കലാരൂപങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസംപദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമുണ്ടാകും. 197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീയാത്രയില്‍, ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും കരകൌശല സാമഗ്രിനിര്‍മാണവുമെല്ലാം ഒരുക്കും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസംസാധ്യതകള്‍ വര്‍ധിക്കുമെന്നതുകൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസംപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ബീച്ചുകള്‍ ഗോവന്‍ ബീച്ചുകളേക്കാള്‍ ഭംഗിയും വൃത്തിയുമുള്ളതാണ്.

മുഴുപ്പിലങ്ങാട് ബീച്ചില്‍ ഏറ്റെടുത്തിട്ടുള്ള 3.5 ഏക്കര്‍ സ്ഥലത്ത് 43.20 കോടി രൂപ മുതല്‍മുടക്കില്‍ ആധുനികസൌകര്യങ്ങളോടുകൂടിയ റിസോര്‍ട്ട് നിര്‍മിക്കുന്നതും പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണവും ബീച്ച് ടൂറിസത്തിന് പ്രോത്സാഹനമാകും. മുഴുപ്പിലങ്ങാടും ധര്‍മടം ദ്വീപും ബന്ധപ്പെടുത്തി നിര്‍മിക്കുന്ന റോപ് വേ പദ്ധതി, കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം, മിഠായിത്തെരുവ് നവീകരണം, കണ്ണൂര്‍ പഴയ മൊയ്തുപാലം സൗന്ദര്യവല്‍ക്കരണ സംരക്ഷണം, തലശേരി കടല്‍പ്പാലം സംരക്ഷണം, കടല്‍പ്പാലറോഡില്‍ ശില്‍പ്പ പാര്‍ക്ക്, ഫുഡ് സ്ട്രീറ്റ്, പറശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ വികസനം, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ വികസനം, പയ്യന്നൂര്‍ ഹെറിറ്റേജ് ടൂറിസം, വെള്ളിക്കീല്‍ ഇക്കോടൂറിസം രണ്ടാംഘട്ടം, മീന്‍കുഴി റിക്രിയേഷന്‍ സെന്റര്‍, താഴെ അങ്ങാടി പരമ്പരാഗത തെരുവ്, പെര്‍ഫോമന്‍സ് സെന്റര്‍ വികസനം, പഴയ ഫയര്‍ ടാങ്ക് സംരക്ഷണം, ഗുണ്ടര്‍ട്ട് ബംഗ്‌ളാവ് ഭാഷാ മ്യൂസിയം, പുലരിമല ഇക്കോടൂറിസം പാര്‍ക്ക്, തുമ്പൂര്‍മൂഴി ടൂറിസംപദ്ധതിയുടെ മൂന്നാംഘട്ടം, ചാവക്കാട് ബീച്ച് വിനോദസഞ്ചാര വികസനം, പീച്ചി അണക്കെട്ട് മേഖലാ സൌന്ദര്യവല്‍ക്കരണം, പീച്ചി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാരാപ്പുഴ അണക്കെട്ടില്‍ വിനോദസഞ്ചാരകേന്ദ്രം, മലപ്പുറം ചമ്രവട്ടം പുഴയോര സ്‌നേഹപാത, പൂന്താനം സാംസ്‌കാരികനിലയത്തിന്റെ രണ്ടാംഘട്ട വികസനം എന്നിവയ്ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

വയനാട്ടിലും നിരവധി ടൂറിസംപദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. കല്‍പ്പറ്റയിലെ എന്‍ ഊര് ടൂറിസംപദ്ധതിക്ക് നാലരക്കോടി രൂപയാണ് അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ റോക്ക് അഡ്വഞ്ചര്‍പദ്ധതി, പഴശ്ശി സ്മാരകം, കുറുവാ ദ്വീപ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയത് വയനാടിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഹോംസ്റ്റേകള്‍, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയിലൂടെ തദ്ദേശീയര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനും ടൂറിസ്റ്റുകള്‍ക്ക് നവീനാനുഭവം സമ്മാനിക്കുന്നതിനും ടൂറിസംവകുപ്പ് പ്രോത്സാഹനം നല്‍കും.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സമുദ്രനിരപ്പില്‍നിന്ന് 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ജടായുശില്‍പ്പം ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതിയാണ് സ്വന്തമാക്കാന്‍ പോകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാറുകളടക്കമുള്ള അത്യാധുനിക വിനോദസംവിധാനങ്ങള്‍ ജടായുപ്പാറയില്‍ ഒരുക്കുന്നുണ്ട്.

പ്‌ളാസ്റ്റിക് മാലിന്യരഹിത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നതാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന ആശയം. വേമ്പനാട്ട് കായലില്‍ ശുചീകരണം നടത്തി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചത് മാതൃകാപരമായ നടപടിയാണ്. മൂന്ന് ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കോട്ടയം സ്വദേശികളായ ബിബിന്‍, അഭിലാഷ്, അര്‍ജുന്‍ എന്നിവര്‍ എന്‍ജിനിയറിങ് ബിരുദ പഠനത്തിനുശേഷം കിട്ടിയ ജോലി രാജിവച്ച് തുടങ്ങിയ ഒരു വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സംരംഭമാണ് കായല്‍മാലിന്യം നീക്കം ചെയ്തത്.

കുമരകത്തും വൈക്കത്തും ആലപ്പുഴയിലുമെല്ലാം ഇവര്‍ മാലിന്യസംസ്‌കരണം നടത്തുന്നു. പൊതുനന്മയ്ക്ക് ഉതകുന്ന, അതിനൊപ്പം വരുമാനവും സന്തോഷവും കിട്ടുന്ന ഇത്തരം ബദല്‍ തൊഴില്‍മാര്‍ഗങ്ങള്‍ ടൂറിസവുമായി കൈകോര്‍ത്ത് നമ്മുടെ ചെറുപ്പക്കാര്‍ കണ്ടെത്തുന്നത് നമ്മുടെ നാടിന് പ്രതീക്ഷ നല്‍കുന്നതാണ്.

രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ മൂന്നാംസ്ഥാനത്താണ് ടൂറിസംമേഖല. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാധ്യതയെ എത്രത്തോളം സംസ്ഥാനത്തിന് പ്രയോജനപ്രദമാക്കാനാകുമെന്ന് വിലയിരുത്തി പുതിയ സാധ്യതകള്‍ തുറക്കുകയും കൂടുതലാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

പ്രകൃതി കനിഞ്ഞു നല്‍കിയ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുതന്നെവേണം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതെന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here