കൊല്ലം ഒരുങ്ങി; ഗോള്‍മഴ ഇന്ന്

ഗോള്‍വലകളും ഗോളടിക്കാരും ഗോളുകള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒരു ദിവസത്തിനപ്പുറം ചരിത്രത്തിന്റെ ഭാഗമാകാനുള്ള ആവേശത്തിലാണ് കൊല്ലം ജില്ല.

ദശലക്ഷം ഗോള്‍ പരിപാടി നാടിന്റെ ആഘോഷം

ഒക്ടോബര്‍ ആറു മുതല്‍ 28 വരെ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ആറു വേദികളിലായി നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചാരണത്തിനായി നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴുവരെ സംഘടിപ്പിക്കുന്ന ദശലക്ഷം ഗോള്‍ പരിപാടി നാടിന്റെ ആഘോഷമായി മാറും.

ജില്ലയില്‍ ആകെ 194 കേന്ദ്രങ്ങളിലായി 4,42,000 ഗോളുകളടിക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്. 68 ഗ്രാമപഞ്ചായത്തുകളിലായി 140 ഗോള്‍ പോസ്റ്റുകളും നാലു മുനിസിപ്പാലിറ്റികളിലായി 20 ഗോള്‍ പോസ്റ്റുകളും കൊല്ലം കോര്‍പ്പറേഷനില്‍ 34 ഗോള്‍ പോസ്റ്റുകളുമാണുള്ളത്. ഗ്രാമപഞ്ചാത്തുകളില്‍ രണ്ടായിരം ഗോളുകളും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും മൂവായിരം ഗോളുകള്‍ വീതവുമാണ് അടിക്കുക.

ലോക റെക്കോര്‍ഡ് കൂടി ലക്ഷ്യമിടുന്ന പരിപാടിക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അടിക്കുന്ന ഗോളുകളുടെ എണ്ണവും മറ്റു വിശദാംശങ്ങളും ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനില്‍ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

ഇവ ക്രോഡീകരിക്കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു യുവകേന്ദ്രയുടെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും പ്രവര്‍ത്തകരാണ് വോളണ്ടിയര്‍മാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഏകോപനത്തില്‍ കായികാധ്യാപകരും പങ്കാളികളാകും.

ഗോളിയില്ലാത്ത പോസ്റ്റില്‍ പെനാല്‍റ്റി സ്‌പോട്ടില്‍നിന്നാണ് ഗോളടിക്കേണ്ടത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിപാടിയില്‍ പങ്കുചേരാം. ഒരാള്‍ക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News