റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും; നിര്‍ണായക നീക്കങ്ങളുമായി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം. ഇതിനായി പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.

ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തു

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തെന്നും ഇനി നാലു പേരുടെ മൊഴി എടുക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാദിര്‍ഷ പൊലീസുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.

പൊലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നു. സഹതടവുകാരന്‍ വിപിന്‍ലാലിന്റെ ഈ മൊഴിയും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വായിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ ഒരു നിര്‍ണായക സാക്ഷിയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

അതേസമയം, നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. എന്നാല്‍, ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടന്നത്. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ. ബി രാമന്‍പിളള വാദിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News