ജയരാജന്‍റെ നിരപരാധിത്വം ഹൈക്കോടതി ശരിവച്ചു; ബന്ധുനിയമനക്കേസ് റദ്ദാക്കി

കൊച്ചി: ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. ഇ പി ജയരാജന്‍റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ വിവാദത്തില്‍ ക‍ഴമ്പില്ലെന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

കോടതി നിരീക്ഷണം

നിലനില്‍ക്കാത്ത കേസാണിതെന്നും അങ്ങനെയുള്ള കേസുകള്‍ എടുക്കുന്നതെന്തിനാണെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. ഇത്തരം വിവാദങ്ങളില്‍ ശ്രദ്ധപൂര്‍വ്വം നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് സാധിക്കണമെന്നും കോടതി ചൂണ്ടികാട്ടി.

കേസ് റദ്ദാക്കണമെന്ന് കാട്ടി ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സുധീര്‍ നമ്പ്യാറും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.

പ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമനം ലഭിച്ചെങ്കിലും പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ല. ഉത്തരവ് മൂന്നാം ദിവസം തന്നെ പിന്‍വലിച്ചതും വിജിലന്‍സ് ചൂണ്ടികാട്ടിയിരുന്നു.

ഇത് സംബന്ധിച്ച നിയമോപദേശം വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റ്റിന്‍ നല്‍കിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നതെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇ പി ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here