ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും; വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ രാമലീല തീയറ്ററുകളിലേക്ക്; പ്രേക്ഷക പ്രതികരണം എന്താകും

ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെ ദിലീപ് ചിത്രം രാമലീല നാളെ തിയ്യറ്ററുകളിലെത്തും. കേരളത്തിൽ 125 തിയ്യറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേ സമയം ദിലീപിന്റെ റിമാന്റ് കാലാവധി നാളെയവസാനിക്കും. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടെയാണ് ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം രാമലീല തിയ്യറ്ററുകളിലെത്തുന്നത്.

ദിലീപിന് ജാമ്യം കിട്ടിയിട്ട് മതി റിലീസ് എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ജാമ്യാപേക്ഷ നിരന്തരം തള്ളിയതോടെ പല തവണ മാറ്റി വെച്ച റിലീസ് നാളത്തേയ്ക്ക് തീരുമാനിക്കുകയായിരുന്നു.

രാമചന്ദ്രന്‍റെ പോസ്റ്റ്

ഇതിനിടെ രാമലീല തിയ്യറ്ററുകളിൽ പ്രദർശിപ്പിച്ചാൽ വിവരമറിയുമെന്ന് ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി പി രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വിവാദമായതിനെ തുടർന്ന് പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഇതെ തുടർന്ന് രാമലീല പ്രദർശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജി.പി.രാമചന്ദ്രന്റെ ഫേസ്ബുക്ക് പരാമർശങ്ങൾ ഗൗരവകരമല്ലന്ന് വിലയിരുത്തിയ കോടതി പ്രദർശനത്തിന് സംരക്ഷണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു .

രാവിലെ 9.30നാണ് കേരളത്തിലെ തിയ്യറ്ററുകളിലെ ആദ്യ പ്രദർശനം. കേരളത്തിന് പുറത്ത് 75 തിയ്യറ്ററുകളിലും ചിത്രം നാളെ റിലീസ് ചെയ്യും.

അതേ സമയം റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിങ് വഴി നാളെ അങ്കമാലി കോടതിയിൽ ഹാജരാക്കും.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി റോയ് മാമൻ സമർപ്പിച്ച ഹർജി ഹൈക്കോടതിയും പരിഗണിക്കും.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താല്പര്യമനുസരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത്തരമൊരു ഹർജി നൽകാൻ റോയ് മാമന് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

അക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിന്റെ നിലപാടറിയിക്കാൻ നിർദേശിച്ച് ഹർജി പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News