ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി

തലശേരി: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍(സയ്യിദ് അലവി പുതിയവളപ്പില്‍-69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാ‌ല്‌മണിയോടെ തലശേരി കായ്യത്ത്റോഡിലെ സന്മയിലായിരുന്നു അന്ത്യം.

ഏതാനും മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തറവാടായ കായ്യത്ത്റോഡിലെ തനീമില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് നാലോടെ ഓടത്തില്‍പള്ളിയില്‍ കബറടക്കും.

മുസ്ളിംലീഗിന്റെ സമുന്നത നേതാവും ഐഎന്‍എല്‍ സ്ഥാപക പ്രസിഡന്റുമായ സികെപി ചെറിയമമ്മുക്കേയിയുടെ മകനാണ്.

എം എസ് എഫിലൂടെ രാഷ്ട്രീയത്തില്‍

എംഎസ്എഫ് തലശേരി ടൌണ്‍കമ്മിറ്റി ജോയന്റ്സെക്രട്ടറിയായി 1963ല്‍ രാഷ്ട്രീയരംഗത്തെത്തിയ പുതിയവളപ്പില്‍ എംഎസ്എഫ് സംസ്ഥാന ട്രഷറര്‍, ജനറല്‍സെക്രട്ടറി, വൈസ്പ്രസിഡന്റ, യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തലശേരി മണ്ഡലം മുസ്ളിംലീഗ് ജനറല്‍സെക്രട്ടറിയും സംസ്ഥാന കൌണ്‍സിലറുമായി പ്രവര്‍ത്തിക്കവെ 1994ല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. ഐഎന്‍എല്‍ കണ്ണൂര്‍ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മമ്മുകേയിയുടെ മരണത്തെതുടര്‍ന്ന് 2004ല്‍ ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷനായി.

കോഴിക്കോട് ഫാറൂഖ്കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദംനേടിയ എസ് എ പുതിയവളപ്പില്‍ കോളേജ് ഹോക്കിടീം ക്യാപ്റ്റന്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീം അംഗം എന്നീ നിലകളില്‍ കായികരംഗത്തും സജീവമായിരുന്നു.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് 2011ല്‍ എല്‍ഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചു. അഖിലേന്ത്യലീഗിന്റെ സഹകരണത്തോടെ ഗ്രീന്റാഡിക്കല്‍സ് പുറത്തിറക്കിയ ‘ആവനാഴി’യുടെ പത്രാധിപസമിതി അംഗം, ഐഎന്‍എല്ലിന്റെ ‘ഐക്യം’ വാരിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

തിരൂരങ്ങാടി യതീംഖാന പ്രവര്‍ത്തകസമിതി അംഗം, തലശേരി ദാറുസലാംയതീംഖാന വൈസ്പ്രസിഡന്റ്, തളിപ്പറമ്പ് സര്‍സയ്യിദ്കോളേജ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഉമ്മ: പി വി ഉമ്മാച്ചുഹജ്ജുമ്മ. ഭാര്യ: ഷരീഫ എസ്സെ. മക്കള്‍: ശുഹൈബ്എസ്സെ, സുമയ്യതസ്വീജ്, ഷഹര്‍ഭാന്‍, സല്‍മാനുല്‍ഫാരിസി. മുഖ്യമന്ത്രി പിണറായിവിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലസെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News