100ാം ഏകദിനത്തില്‍ അടിച്ച് തകര്‍ത്ത് വാര്‍ണര്‍ സെഞ്ചുറി നേടി; ഫിഞ്ചിന് സെഞ്ചുറി നഷ്ടമായി;ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്

ബംഗലൂരു; ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഗംഭീര തുടക്തം. പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തത്.

ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ഡേവിഡ് വാര്‍ണറായിരുന്ന കൂടുതല്‍ ആക്രമണകാരി. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച വാര്‍ണര്‍ മിന്നല്‍ വേഗത്തിലാണ് സെഞ്ചുറി തികച്ചത്.

നൂറാം ഏകദിനത്തില്‍ നൂറടിച്ച് വാര്‍ണര്‍

100ാം ഏകദിനത്തിനിറങ്ങിയ വാര്‍ണര്‍ 3 സിക്‌സും 9 ഫോറും പറത്തിയാണ് മൂന്നക്കം കടന്നത്. 119 പന്തില്‍ 4 സിക്സും 12 ഫോറും സഹിതം 124 റണ്‍സ് നേടി പുറത്തായി.

അതേസമയം കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ച് ഇന്നും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. സെഞ്ചുറിയിലേക്ക് കുതിച്ച ഫിഞ്ച് പക്ഷെ 94 റണ്‍സ് നേടി പുറത്തായി.

ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. മുഹമ്മസ് ഷമി, ഉമേഷ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പകരക്കാരായി കളത്തിലെത്തിയത്.

പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ച് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് കംഗാരുപ്പടയുടെ ശ്രമം.

ബംഗലൂരുവില്‍കൂടി ജയമാവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ 10 വിജയങ്ങള്‍ സ്വന്തമാകും. ഏകദിനത്തില്‍ ഇത്രയും കാലമായിട്ടും ഈ നേട്ടം സ്വന്തമാക്കാനാകാത്തത് ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം നാണക്കേടാണ്. ജയിച്ചാല്‍ ഏകദിനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കോഹ്‌ലിക്കും സംഘത്തിനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News