തൃപ്പൂണിത്തുറ ഘര്‍വാപസി; ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കണമെന്നും കോടതി

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.  കൊച്ചി സിറ്റി കമീഷണര്‍ക്കാണ് കോടതിയുടെ നിര്‍ദേശം. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു. സ്‌പെഷല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി ഇരുവര്‍ക്കും നിര്‍ദേശം നല്‍കി.

യോഗ കേന്ദ്രത്തിനെതിരെ കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. കേരളത്തിലും ഒരു റാം റഹിം സിംഗ് വേണോ എന്ന് ഹൈക്കോടതി ചോദിച്ചു.

കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ക്രൂരമായ പീഡനങ്ങളാണ് ഘര്‍വാപ്പസി കേന്ദ്രത്തില്‍ നേരിടേണ്ടിവന്നതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ വെളിപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് അവിടെ നടക്കുന്നത്.

കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ശിവശക്തി കേന്ദ്രത്തിലെ സ്ത്രീകളും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കി. ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. നിരവധിപേരെ ഇത്തരത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ട്. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാനായി ഉറക്കെ പാട്ടുവെയ്ക്കുമായിരുന്നെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ യോഗകേന്ദ്രത്തിലെ അധികൃതര്‍ നിഷേധിച്ചിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി, എന്നിവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News