നൂറില്‍ നൂറുമായി വാര്‍ണര്‍; മധ്യനിരയെ പിടിച്ചുനിര്‍ത്തി ഇന്ത്യ; തുടര്‍ച്ചയായ പത്താം ജയമെന്ന ചരിത്രത്തിന് 335 റണ്‍സിന്റെ അകലം

ബംഗലൂരു; ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് കംഗാരുക്കള്‍ അടിച്ചൂകൂട്ടിയത്.

പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം പുറത്തെടുത്ത ഓസീസ് ഓപ്പണര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചക്കാരായി.

വാര്‍ണറുടെ ഗംഭീരപ്രകടനം

ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ഡേവിഡ് വാര്‍ണറായിരുന്ന കൂടുതല്‍ ആക്രമണകാരി. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച വാര്‍ണര്‍ മിന്നല്‍ വേഗത്തിലാണ് സെഞ്ചുറി തികച്ചത്.

100ാം ഏകദിനത്തിനിറങ്ങിയ വാര്‍ണര്‍ 3 സിക്‌സും 9 ഫോറും പറത്തി മൂന്നക്കം കടന്നു. ഒടുവില്‍ 119 പന്തില്‍ 4 സിക്‌സും 12 ഫോറും സഹിതം 124 റണ്‍സ് നേടി പുറത്തായി. ഉമേഷ് യാദവാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്.

കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ച് ഇന്നും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. സെഞ്ചുറിയിലേക്ക് കുതിച്ച ഫിഞ്ചിനെ 94 റണ്‍സില്‍ നില്‍ക്കെ ജാദവ് പുറത്താക്കി.

ഫിഞ്ച് വീണതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉണര്‍ന്നെണീറ്റു. വമ്പന്‍ സ്‌കോറിലേക്ക് നീങ്ങിയ കംഗാരുപ്പടെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. നായകന്‍ സിമിത്തിനേയും സ്റ്റോയിന്‍സിനേയും പുറത്താക്കിയ ഉമേഷ് യാദവ് ഓസിസിനെ പ്രതിരോധത്തിലാക്കി.

ഉമേഷിന്‍റെ തിരിച്ചുവരവ്

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ട്രെവിസ് ഹെഡും ഹാന്‍ഡ്‌സ്‌കൊമ്പും ചേര്‍ന്നാണ് മികച്ച സ്‌കോറിലേക്ക് സന്ദര്‍ശകരെ എത്തിച്ചത്. ട്രെവിസ് 29 റണ്‍സ് നേടിയപ്പോള്‍ ഹാന്‍ഡ്‌സ്‌കൊമ്പ് 43 റണ്‍സ് നേടി.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. 10 ഓവറില്‍ 71 റണ്‍സ് വഴങ്ങി ഉമേഷ് നാല് വിക്കറ്റ് വീഴ്ത്തി.

ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പകരക്കാരായി കളത്തിലെത്തിയത്.

പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ച് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് കംഗാരുപ്പടയുടെ ശ്രമം.

ബംഗലൂരുവില്‍കൂടി ജയമാവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ 10 വിജയങ്ങള്‍ സ്വന്തമാകും. ഏകദിനത്തില്‍ ഇത്രയും കാലമായിട്ടും ഈ നേട്ടം സ്വന്തമാക്കാനാകാത്തത് ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം നാണക്കേടാണ്. ജയിച്ചാല്‍ ഏകദിനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കോഹ്‌ലിക്കും സംഘത്തിനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News