പ്രചാരണം ചൂടുപിടിക്കുന്നു; വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളില്‍ ഉദ്യോഗസ്ഥര്‍

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോള്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍. കേരളത്തില്‍ ഒരു മണ്ഡലം മുഴുവന്‍ വിവി പാറ്റ് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകത വേങ്ങര ഉപതിരഞ്ഞെടുപ്പിനുണ്ട്. അഞ്ച് മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും വനിതാ പോളിംഗ് സ്‌റ്റേഷനുകളും വേങ്ങരയിലുണ്ടാവും.

നടപടിക്രമങ്ങള്‍ വേങ്ങരയില്‍ പൂര്‍ത്തിയായി വരുന്നു

പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേങ്ങരയില്‍ പൂര്‍ത്തിയായി വരികയാണ്. മണ്ഡലത്തിലെ 148 പോളിംഗ് ബൂത്തുകളില്‍ അഞ്ചെണ്ണം മാതൃകാ പോളിംഗ് ബൂത്തുകളായിരിക്കും. അഞ്ച് വനിതാ പോളിഗ് സ്‌റ്റേഷനുകളും മണ്ഡലത്തിലുണ്ടാവും.

99 കേന്ദ്രങ്ങളില്‍ റാമ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു ബൂത്തുകളിലും റാമ്പ് സൗകര്യമേര്‍പ്പെടുത്തും. സര്‍വ്വീസ് ബാലറ്റുകളുടെയും പോസ്റ്റല്‍ ബാലറ്റുകളുടെയും അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.

28 കേന്ദ്രങ്ങളില്‍ രണ്ടു പോളിംഗ് സ്‌റ്റേഷനുകള്‍ വീതവും മൂന്ന് കേന്ദ്രങ്ങളില്‍ 12 പോളിംഗ് സ്‌റ്റേഷനുകള്‍ വീതവും പ്രവര്‍ത്തിക്കും. 14 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 236 വിവി പാറ്റ് മെഷീനുകളും 400 കണ്‍ട്രോള്‍ പോളിംഗ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

വോട്ട് ശരിയായി രേഖപ്പെടുത്തിയെന്ന് വോട്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിവി പാറ്റ് മെഷീനുകള്‍ കേരളത്തില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ മുഴുവനായി ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

990 പോളിംഗ് ഉദ്യോഗസ്ഥരുണ്ടാവും. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലമാണ് വേങ്ങര. 87,750 പുരുഷവോട്ടര്‍മാരും 82259 സ്ത്രീ വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here