പത്തനംതിട്ട ജില്ലയിലെ 1843 പട്ടയങ്ങള്‍ റദ്ദാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലെ 1843 പട്ടയങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രകാര മല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്.

ഈ ഭൂമി വനഭൂമിയാണന്നും പട്ടയം നല്‍കാന്‍ കഴിയില്ലന്നുമുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്.

സീതത്തോട്, തണ്ണിത്തോട്,ചിറ്റാര്‍’ കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ എന്നീ വില്ലേജുകളിലെ 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഇതില്‍ സീതത്തോട്, തണ്ണിത്തോട്,ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

എന്നാല്‍ ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും കാട്ടി 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡി എഫ് ഒ ബി.ജോസഫ് കോന്നി തഹസീല്‍ദാര്‍ക്ക് മറുപടി നല്‍കുകുകയും ചെയ്തു. പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ഉറപ്പിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയ നടപടി സുപ്രിം കോടതി വിധിയുടെ ലംഘനവുമാണന്ന് കണ്ടതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയത്.

ഇത് റിസര്‍വ്വനമായി നില നില്‍ക്കുന്നതിനാല്‍ വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമ തടസ്സമുണ്ടന്ന് കാട്ടി തുടര്‍ നടപടിക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവിട്ടു.

ഇതിനെ തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ടി.ജി.ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദു ചെയ്യുകയായിരുന്നു. വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെയായിരുന്നു അന്ന് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോയത്. 2016 ജനുവരി 26 ന് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം അടൂര്‍ പ്രകാശ് വിളിച്ചു ചേര്‍ക്കുകയും തുടര്‍ന്ന് കോന്നിയില്‍ ഭൂമി പതിവ് തഹസീല്‍ദാരുടെ ഓഫീസും തുറന്നു.

ഈ ഓഫീസാണ് 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 1843 പേര്‍ക്ക് പട്ടയം അനുവദിച്ചു. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് അടൂര്‍ പ്രകാശ് തന്നെയാണ് 40 പട്ടയങ്ങള്‍ വിതരണം ചെയ്തത്. ബാക്കിയുള്ളവ വിതരണത്തിനായി തയ്യാറാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം ലംഘിച്ച് അന്നത്തെ റവന്യു മന്ത്രി തന്നെ തയ്യാറാക്കിയ പട്ടയങ്ങള്‍ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോള്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവില്‍ ഒട്ടേറെമത സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടൂര്‍ പ്രകാശ് പട്ടയം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News