ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധം നഷ്ടമായിരുന്നില്ല; ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശ്വാസ തടസമുണ്ടായിരുന്നുവെങ്കിലും തലൈവിക്ക് സംസാരിക്കന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

ന്യുമോണിയ ബാധിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ജയലളിതയ്ക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് രക്ത സമ്മര്‍ദവും പ്രമേഹവും വര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 22ാം തിയതി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയത്തെ പറ്റി പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ സന്നദ്ധമായില്ല.

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ശക്തമായ സാഹചര്യത്തിലാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ആശുപത്രിയിലായിരുന്ന ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ലെന്ന ആരോപണങ്ങളുമായി അണ്ണാഡിഎംകെ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രധാനമാണെന്നാണ് വിലയിരുത്തല്‍.

ആരോപണവുമായി പനീര്‍ശെല്‍വം

ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ജയലളിതയുടെ മരണത്തില്‍ ആദ്യം സംശയവുമായി രംഗത്തെത്തിയത് പിന്നീട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ അടുത്ത അനുയായി ഒ പനീര്‍ശെല്‍വമായിരുന്നു.

ജയലളിതയുടെ മരണസമയത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വനം മന്ത്രി ശ്രീനിവാസന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

ജയലളിതയുടെ മരണസമയവുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമ പോരാട്ടം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ജയലളിതയുടെ അനന്തിരവള്‍ ദീപ.

ജയലളിതയെ തങ്ങള്‍ ആരും അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നും ശശികല അല്ലാതെ മറ്റാരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഡിണ്ടിഗല്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.

കള്ളം പറയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീനിവാസന്‍

ജയലളിതയെ സന്ദര്‍ശിച്ചെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.

സത്യത്തില്‍ ആരും ജയലളിതയെ കണ്ടിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

അവര്‍ ആശുപത്രി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പനീര്‍ സെല്‍വത്തെയും മറ്റ് പാര്‍ട്ടി നേതാക്കളെയും ജയലളിതയെ കാണുന്നതില്‍ ശശികല വിലക്കിയിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കള്ളം പറയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പാര്‍ട്ടി രഹസ്യം പുറത്തുപോകാതിരിക്കാനാണ് കള്ളം പറഞ്ഞതെന്നും ശ്രീനിവാസന്‍ വ്യ്ക്തമാക്കിയിരുന്നു.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുന്ന മൂന്നാമത്തെ നേതാവാണ് ശ്രീനിവാസന്‍.

ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമീഷന്‍ രൂപവത്കരിക്കാന്‍ പളനിസ്വാമി സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ജയ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News