കുര്‍ദിസ്ഥാനായി ഹിത പരിശോധന; ഫലം അംഗീകരിക്കില്ലെന്ന് മദ്ധ്യ ഏഷ്യന്‍ ശക്തികള്‍, ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കിയും ഇറാനും

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ കുര്‍ദുമേഖലയില്‍ സ്വതന്ത്ര രാജ്യത്തിനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും അനുകൂലമായി വോട്ട് ചെയ്തതായി കുര്‍ദുകളുടെ നേതാവ് മസൂദ് ബര്‍സാനി അറിയിച്ചു.

90 ശതമാനത്തിലധികം പേര്‍ അനുകൂലമായി വോട്ട് ചെയ്തതായി കുര്‍ദിഷ് റുദാവ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അന്തിമഫലം പുറത്തുവന്നിട്ടില്ല.

തിങ്കളാഴ്ച നടന്ന ഹിതപരിശോധന 2003 മുതല്‍ സ്വയംഭരണമേഖലയായി പ്രവര്‍ത്തിക്കുന്ന കുര്‍ദു മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ചുവടുവയ്പാണ്.

അതേസമയം കുര്‍ദ്‌മേഖലയില്‍ കുര്‍ദിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യത്തോട് ഇറാഖും തുര്‍ക്കിയും ഇറാനും അടക്കമുള്ള അയല്‍രാജ്യങ്ങളും എതിര്‍പ്പറിയിച്ചു.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഹിതപരിശോധനാ ഫലത്തെ ശക്തമായി എതിര്‍ക്കുകയാണ്. മേഖലയില്‍ ഐഎസ് ഭീകരര്‍ ക്കെതിരെ പോരാട്ടം നടന്നുവരവെ നടത്തിയ ഹിതപരിശോധന മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണെന്ന് അവര്‍ പ്രതികരിച്ചു.

കുര്‍ദുകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കി ഭീഷണി മുഴക്കി.

കുര്‍ദുമേഖലയിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്ക് വിട്ടുതന്നില്ലെങ്കില്‍ സ്വയംഭരണ സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇറാഖും ഭീഷണിമുഴക്കി. വെള്ളിയാഴ്ച പകല്‍ മൂന്നിനകം വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങള്‍ക്ക് വിട്ടുതരണമെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉപരോധമുണ്ടാകില്ല. കുര്‍ദ് മേഖലയിലെ ഇര്‍ബില്‍, സുലയ്മാനിയ എന്നീ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തരുതെന്ന് ഇറാഖ് കഴിഞ്ഞയാഴ്ച വിദേശരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

വിമാനത്താവളത്തിന്റെ നിയന്ത്രണം കുര്‍ദുകള്‍ വെള്ളിയാഴ്ചയ്ക്കകം വിട്ടുതരുന്നില്ലെങ്കില്‍ അതിര്‍ത്തി പോസ്റ്റുകള്‍ അടയ്ക്കണമെന്നും അയല്‍രാജ്യങ്ങളോട് ഇറാഖ് ആവശ്യപ്പെട്ടു. ഭരണഘടന ലംഘിച്ച് നടത്തിയ ഹിതപരിശോധനയെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്യില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു.

ഹിതപരിശോധനാഫലം അംഗീകരിച്ച് ഇറാഖ് സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും സ്വതന്ത്രരാജ്യമെന്ന ആവശ്യം ന്യായമാണെന്നും കുര്‍ദുകളുടെ നേതാവ് മസൂദ് ബര്‍സാനി പ്രതികരിച്ചു. കുര്‍ദ് മേഖലയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താതെ ചര്‍ച്ചകള്‍ക്ക് തയ്യാറാകാന്‍ ഇറാഖ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹിതപരിശോധനയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത ലക്ഷക്കണക്കിന് ജനങ്ങളെ ലോകം ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സ്വതന്ത്രരാജ്യംവേണമെന്ന ആവശ്യത്തിന്റെ ആദ്യചുവടുവയ്പില്‍ അനുകൂലമായ വിധിയുണ്ടായതില്‍ കുര്‍ദ് മേഖല ആഘോഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News