‘പ്ലേ ബോയ്’ കളമൊഴിഞ്ഞു

അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസിന്‍ പ്ലേ ബോയ് യുടെ സ്ഥാപക എഡിറ്റര്‍ ഹഫ് ഹെഫ്‌നര്‍ അന്തരിച്ചു. ലോസ് ഏഞ്ചലസിലെ പ്ലേബോയ് മാന്‍ഷന്‍ എന്ന വസതിയിലാണ് 91കാരനായ അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ കൂപ്പ് ഹെഫ്‌നറും പ്ലേ ബോയ് എന്റര്‍പ്രൈസസ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ചേര്‍ന്ന് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ENTERTAINMENT FOR MEN എന്ന ടാഗ് ലൈനിലൂടെ ലോകവ്യാപകമായി ജനപ്രീതി നേടിയ സീനായിരുന്നു പ്ലേബോയ്. പൂര്‍ണനഗ്‌നരായ മോഡലുകളുടെ ഫോട്ടോകളിലൂടെ കുപ്രശസ്തിയാര്‍ജ്ജിച്ചിരുന്നു മാഗസിന്‍. ടാഗ് ലൈനിലൂടെ ഇത് പുരുഷന്മാരെ ഉദ്ദേശിച്ചുള്ള മാഗസിനാണെന്ന് തുടക്കം മുതല്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ ടാഗ് ലൈന്‍ ഇതുവരെ അവര്‍ മാറ്റിയിട്ടുമില്ല.

1953ലാണ് പ്ലേ ബോയ് മാഗസിന്‍ തുടങ്ങുന്നത്. വിഖ്യാത നടി മെര്‍ലിന്‍ മണ്‍റോയുടെ നഗ്‌ന ഫോട്ടോയുമായാണ് ആദ്യ ലക്കം പുറത്തിറങ്ങിയത്.

പ്ലേ ബോയ് മാഗസിനും ഹെഫ്‌നറുടെ ജീവിതശൈലിയും ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. ഫെമിനിസ്റ്റുകളും യാഥാസ്ഥിതകരുമെല്ലാം ഹെഫ്‌നര്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. 8000 ഡോളര്‍ നിക്ഷേപത്തിലാണ് തുടക്കം. ആദ്യ ലക്കത്തിന്റെ 50,000 കോപ്പികള്‍ വിറ്റുപോയി.

മാഗസീന്‍ പോലെ തന്നെ ഹെഫ്‌നറുടെ സ്വകാര്യ ജീവിതവും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 1949ലായിരുന്നു ഹെഫ്‌നറുടെ ആദ്യ വിവാഹം. ആദ്യ ഭാര്യ മില്‍ഡ്രഡ് വില്യംസില്‍ രണ്ട് കുട്ടികളുണ്ടായി. 1959ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് മൂന്ന് വിവാഹങ്ങള്‍ കൂടി. പ്രശസ്തനായ അവിവാഹിതന്‍ എന്ന പേരിലാണ് ഹെഫ്‌നര്‍ അറിയപ്പെട്ടിരുന്നത്.

1988ല്‍ ഹെഫ്‌നര്‍ പ്ലേ ബോയ് ക്ലബുകള്‍ അടച്ചുപൂട്ടി. പിന്നീട് 2006ല്‍ ചെറിയ തോതില്‍ പ്ലേബോയ് ക്ലബുകള്‍ പുനരാരംഭിച്ചിരുന്നു. തങ്ങള്‍ പൂര്‍ണനഗ്‌ന ചിത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് 2015ല്‍ പ്ലേ ബോയ് പ്രഖ്യാപിച്ചു. എന്നാല്‍ 2017ല്‍ വീണ്ടും ഇത്തരം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

നടി കിം കര്‍ദാഷിയന്‍ അടക്കമുള്ള പ്രമുഖര്‍ ഹെഫ്‌നറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തന്റെ പിതാവ് മാധ്യമരംഗത്തും സാംസ്‌കാരിക രംഗത്തും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടുള്ളയാളാണെന്നും കൂപ്പ് ഹെഫ്‌നര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News