ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് മൂന്ന് വര്‍ഷത്തിലധികം ജയിലുകളില്‍ കഴിഞ്ഞിരുന്നവരെയാണ്് മോചിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ഇവര്‍ മോചിതരായത്. ഇതില്‍ 48 പേര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് പൗരന്മാര്‍ക്ക് സ്വതന്ത്രരാവാന്‍ വഴിയൊരുക്കിയത്.
ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷാര്‍ജ സുല്‍ത്താന്‍ തീരുമാനിച്ചത്.
കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പുനല്‍കിയത്. ഇന്ത്യക്കാരെ മുഴുവന്‍ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയത്.
ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമായി. യുഎഇയിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.
വിദേശത്ത് തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിന് കേന്ദ്രം അറച്ചുനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഇടപെടലിലൂടെ നിരവധി പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങിയത്. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാന്‍ നടത്തുന്ന ഇടപെടലുകളുടെ അവസാനത്തെ ഉദാഹരണമാണ് ഇത്.
Get real time update about this post categories directly on your device, subscribe now.