മോചനത്തിന് പണം നല്‍കിയതായി അറിയില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

ന്യൂഡല്‍ഹി ; മോചനദ്രവ്യം നല്‍കിയാണോ തന്നെ മോചിപ്പിച്ചതെന്ന കാര്യം അറിയില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍.

തന്നെ ബന്ദിയാക്കിയത് ഐഎസ് ഭീകരരാണോയെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ബന്ദികളാക്കിയവരുടെ ഉള്ളിലും നന്മയുള്ളതുകൊണ്ടാണ് അവര്‍ ശാരീരികമായി ഉപദ്രവിക്കാതിരുന്നത്.

എല്ലാ മതങ്ങളിലുമുള്ളവര്‍ പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്തതുകൊണ്ടാണ് മോചനം യാഥാര്‍ഥ്യമായതെന്നും  ഫാ. ടോം ഉഴുന്നാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നരക്കൊല്ലത്തോളം പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. വായു കടക്കാന്‍ സൌകര്യമുള്ള മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

അവര്‍ക്ക് ഇംഗ്‌ളീഷ് അധികം ധാരണയുണ്ടായിരുന്നില്ല. അറബിയിലാണ് സംസാരിച്ചിരുന്നത്. ഇടയ്ക്ക് പനിയും ശരീരവേദനയും ഉണ്ടായപ്പോള്‍ മരുന്ന് നല്‍കി.

മര്‍ദിക്കുമെന്നും പരിക്കേല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും ദേഹോപദ്രവം ഏല്‍പ്പിച്ചില്ല. കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല.

പ്രാര്‍ഥനകള്‍ ഉരുവിട്ട് ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. പ്രമേഹംകൂടിയതോടെ ശരീരം വല്ലാതെ ക്ഷീണിച്ചു. തട്ടിക്കൊണ്ടുപോകുന്ന അവസരത്തില്‍ 82 കിലോ ഭാരമുണ്ടായിരുന്നത് 55 ആയി കുറഞ്ഞു.

സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശമന്ത്രി സുഷ്മ സ്വരാജ്, ഫ്രാന്‍സിസ് മാര്‍പാപ്പ, ഒമാന്‍ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്, സലേഷ്യന്‍ സഭ, കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ക്ക് എല്ലാ കടപ്പാടും അറിയിക്കുന്നതായി ഫാ. ഉഴുന്നാലില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം പ്രധാനമന്ത്രി, വിദേശമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ഡല്‍ഹി ഗോള്‍ഡന്‍ ഖാന സേക്രഡ്ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്ക് അദ്ദേഹം നേതൃത്വം നല്‍കി.

വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് തിരിക്കുന്ന ഫാ. ടോം ഒക്ടോബര്‍ ഒന്നിന് കൊച്ചിയിലെത്തും. മൂന്നിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News