തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

ന്യൂഡല്‍ഹി; സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംഘപരിവാറിനുള്ളില്‍നിന്നുതന്നെയുള്ള വിമര്‍ശനം രൂക്ഷമാകുന്നു. മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ പിന്തുണച്ച് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി.

യശ്വന്ത് സിന്‍ഹ പറഞ്ഞത് തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ ശിവസേന മുഖപത്രമായ ‘സാമ്‌ന’ സര്‍ക്കാരിനെ വെല്ലുവിളിച്ചു. സത്യം തുറന്നു പറഞ്ഞതിന് എന്ത് ശിക്ഷയാകും സിന്‍ഹയെ കാത്തിരിക്കുന്നത്.
ബിജെപിയില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ സത്യാവസ്ഥ തുറന്നുപറയാന്‍ മടിയാണ്. അങ്ങനെ ചെയ്താല്‍ ‘അപകടം’ സംഭവിക്കുമെന്ന ഭയമാണെന്നും പത്രം ആഞ്ഞടിച്ചു.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മോഡി സര്‍ക്കാര്‍ പരാജയമാണെന്ന് തുറന്നടിച്ചു. സാമ്പത്തിക തകര്‍ച്ചയ്ക്ക് ധനമന്ത്രിയെ കുറ്റപ്പെടുത്തിയ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി.
കാര്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ ബാങ്കുകള്‍ പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്വാമി പറഞ്ഞു.പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം മോഡി സര്‍ക്കാരിന് തന്നെയാണെന്ന് യശ്വന്ത് സിന്‍ഹ ആവര്‍ത്തിച്ചു.

വ്യാഴാഴ്ച വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനെതിരായ വിമര്‍ശനം തുടര്‍ന്നത്.

സാമ്പത്തിക മാന്ദ്യത്തിന് കാരണം മുന്‍ സര്‍ക്കാരുകളാണെന്ന് പറയാന്‍ 40 മാസമായി അധികാരത്തിലിരിക്കുന്നവര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് സിന്‍ഹ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് താന്‍ ബിജെപിയുടെ സാമ്പത്തിക വിഷയങ്ങളിലെ വക്താവായിരുന്നു.

അക്കാലത്ത് യുപിഎയെ വിമര്‍ശിച്ചിട്ടുണ്ട്. പദ്ധതികള്‍ സ്തംഭിക്കുന്നതും ബാങ്കുകള്‍ പ്രതിസന്ധിയിലായതുമൊക്കെയാണ് വിമര്‍ശന വിധേയമായത്.

എന്‍ഡിഎ വന്നപ്പോള്‍ ഈ കാര്യങ്ങളിലെല്ലാം മാറ്റം പ്രതീക്ഷിച്ചു. യാതൊന്നുമുണ്ടായില്ല. താന്‍ ജിഎസ്ടിയെ പിന്തുണച്ചയാളാണ്. എന്നാല്‍, നടപ്പാക്കപ്പെട്ട രീതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പഠനം നടത്തി വേണമായിരുന്നു നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കാന്‍.

സമ്പദ്വ്യവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇത് നടപ്പാക്കാന്‍ പാടില്ലായിരുന്നു. തുടര്‍ച്ചയായ ഈ രണ്ട് നടപടിയും സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതമേകി-സിന്‍ഹ പറഞ്ഞു.

അതേസമയം, പ്രതിരോധത്തിന് ശ്രമിക്കുന്ന ബിജെപി യശ്വന്ത് സിന്‍ഹയുടെ മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് പട്ടേലിനെകൊണ്ട് ഒരു ദേശീയ ദിനപത്രത്തില്‍ ലേഖനമെഴുതിപ്പിച്ചു. ലേഖനം നിര്‍ബന്ധിച്ച് എഴുതിച്ചതാണെങ്കില്‍ അത് നിലവാരം കുറഞ്ഞ നടപടിയാണെന്നും ഇതേക്കുറിച്ച് യശ്വന്ത് സിന്‍ഹ പ്രതികരിച്ചു.

അതിനിടെ, യശ്വന്ത് സിന്‍ഹയ്ക്കും പി ചിദംബരത്തിനും മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. എഫ്ഡിഐ ഏറ്റവും ഉയര്‍ന്ന തോതില്‍ തുടരുകയാണെന്നും പ്രത്യക്ഷ നികുതി വരവ് 15.7 ശതമാനം അധികമാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

എന്നാല്‍ ജിഡിപി ഇടിവിനെ കുറിച്ചോ, കയറ്റുമതി തകര്‍ച്ചയെ കുറിച്ചോ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News