ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് – ഇടതുപക്ഷ പാര്‍ടികളുടെ ഉച്ചകോടി സിപിഐഎം സംഘടിപ്പിച്ചതിലെ പ്രാധാന്യം എന്ത്

കൊച്ചിയില്‍ സെപ്തംബര്‍ 23, 24 തീയതികളില്‍ നടന്ന ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് – ഇടതുപക്ഷ പാര്‍ടികളുടെ സെമിനാര്‍ ചരിത്ര പ്രധാനമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐഎം എന്തിന് ഇത്തരമൊരു സമ്മേളനത്തിന് മുന്‍കൈയെടുത്തു എന്ന ചോദ്യം സ്വാഭാവികമായി ഉയരാം.

സാര്‍വദേശീയ സംഭവവികാസങ്ങള്‍ സ്വന്തം രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തിലും ഭരണനടപടികളിലും ജനജീവിതത്തിലും വലിയതോതില്‍ സ്വാധീനംചെലുത്തും. ഈ പ്രവണത മുമ്പത്തേക്കാള്‍ ശക്തമാണ് ഇന്ന്.

അതിനാല്‍ നമ്മുടെ അയല്‍രാജ്യങ്ങളിലെ ജനങ്ങളും ഇടതുപക്ഷ പുരോഗമനശക്തികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ഭാവി ശോഭനമാക്കുന്നതിന് ആവശ്യമാണ്. കമ്യൂണിസ്റ്റുകാര്‍ എല്ലാക്കാലത്തും ദേശീയതയോട് കൂറുപുലര്‍ത്തുമ്പോള്‍ത്തന്നെ സാര്‍വദേശീയതയിലും വിശ്വസിക്കുന്നവരാണ്.

അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഉയര്‍ത്തിയ കേന്ദ്രമുദ്രാവാക്യംതന്നെ ‘ലോകത്തെങ്ങുമുള്ള തൊഴിലാളികളേ, മര്‍ദിതജനവിഭാഗങ്ങളേ, ഒന്നിക്കുക’ – എന്നതായതുതന്നെ. ഈ മുദ്രാവാക്യം പുതിയ രൂപങ്ങളില്‍ പ്രാവര്‍ത്തികമാക്കാനാണ് ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് – ഇടതുപക്ഷപാര്‍ടികളുടെ കോണ്‍ഫറന്‍സ് ചേരുന്നത്.
ഈ സമ്മേളനം ഫലപ്രദവും ആശയപരമായി കാമ്പുള്ളതുമായി. പ്രായോഗികമായി മുന്നോട്ടുപോകുന്നതിനുള്ള പരിപാടികള്‍ക്ക് രൂപംനല്‍കുന്നതുമായി.

ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് സമ്മേളനം ചേര്‍ന്നതും ചുവപ്പ് ഭടന്മാരുടെ മാര്‍ച്ചോടെ സമാപനസമ്മേളനം ആവേശഭരിതമായ അന്തരീക്ഷത്തില്‍ നടത്തിയതും.

കാള്‍ മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികവും മാര്‍ക്‌സിന്റെ പ്രസിദ്ധകൃതിയായ മൂലധനത്തിന്റെ ആദ്യവോള്യം പുറത്തിറങ്ങിയതിന്റെ 150-ാം വാര്‍ഷികവും ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ 50-ാം വാര്‍ഷികവും ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ 80-ാം ചരമവാര്‍ഷികവും ആചരിക്കുന്ന ഘട്ടം കൂടിയാണ് ഇത്.

1917ല്‍ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്‌ളവം വിജയിക്കുകയും ഏഴ് പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുകയുംചെയ്തു. ‘പുതിയ നാഗരികത’യെന്ന് വിളിക്കപ്പെടുന്ന ഒരു സാമൂഹ്യസംവിധാനം അന്ന് നിലവില്‍വന്നു.

അതിനുകീഴില്‍ തൊഴിലില്ലായ്മ, നിത്യോപയോഗസാധന വിലക്കയറ്റം, പാര്‍പ്പിടരാഹിത്യം, ഭക്ഷണമില്ലായ്മ, ആരോഗ്യപരിരക്ഷയില്ലായ്മ തുടങ്ങിയവയുണ്ടായില്ല.

അത്തരം ഒരു സമൂഹം മനുഷ്യചരിത്രത്തില്‍ അതിനുമുമ്പ് ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വെളിച്ചത്തിന്റെകൂടി പ്രഭയേറ്റ്, വിവിധ സാമ്രാജ്യത്വകോയ്മകളുടെ നുകത്തിനുകീഴില്‍ കഴിഞ്ഞ നൂറിലേറെ പിന്നോക്കരാജ്യങ്ങള്‍ രാഷ്ട്രീയസ്വാതന്ത്യ്രം നേടി.

അവയില്‍ ചൈന, വിയത്‌നാം, കൊറിയ, ക്യൂബ എന്നിവ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും ചെങ്കൊടിയുടെകീഴില്‍ മുന്നോട്ടുപോകുകയാണ്. സോഷ്യലിസ്റ്റ് സമൂഹനിര്‍മാണം എന്ന പരീക്ഷണം പരാജയപ്പെട്ടെന്നും മുതലാളിത്ത സാമൂഹ്യവ്യവസ്ഥ അജയ്യമായി മുന്നേറുന്നുവെന്നുമുള്ള അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് ഇടതുപക്ഷപാര്‍ടികളുടെ സമ്മേളനത്തിന് കഴിഞ്ഞു.

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്‌ളവത്തിന്റെ സംഭാവനകള്‍ മഹത്തരമാണെന്ന് വിലയിരുത്തിയ സമ്മേളനം മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് വിളംബരംചെയ്തു.

1930കളില്‍ നേരിട്ടതിനേക്കാള്‍ കടുത്ത ആഗോളപ്രതിസന്ധിയാണ് മുതലാളിത്തം ഇന്ന് അഭിമുഖീകരിക്കുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ച മാര്‍ക്‌സിസം -ലെനിനിസത്തിന്റെയോ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയോ പരാജയമല്ല. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ വികസ്വര രാഷ്ട്രങ്ങളുടെ പരമാധികാരത്തിനുമേല്‍ സാമ്രാജ്യത്വം വര്‍ധിച്ചതോതില്‍ കടന്നാക്രമണം നടത്തുകയാണ്.

ഇതിനൊപ്പം ധനമൂലധനശക്തികളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നവഉദാരനയം ജനങ്ങളുടെ സാധാരണജീവിതത്തെത്തന്നെ വഴിമുട്ടിക്കുന്നു. പ്രകൃതിവിഭവങ്ങളും കമ്പോളവും കൈയടക്കാനുള്ള മത്സരത്തിന് ആക്കംകൂട്ടി സാമ്രാജ്യത്വം ദക്ഷിണേഷ്യയിലേക്ക് കണ്ണെറിഞ്ഞിരിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ലോകജനസംഖ്യയുടെ 24 ശതമാനം ദക്ഷിണേഷ്യയിലാണ്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ പ്രദേശംകൂടിയാണ്. ഈ പശ്ചാത്തലത്തിലാണ് സാമ്രാജ്യത്വത്തിന്റെ കഴുകന്‍കണ്ണ് ഇവിടെ പതിച്ചിരിക്കുന്നത്.

ഇപ്രകാരമെല്ലാമുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചതിലൂടെ ഈ സമ്മേളനം മൂര്‍ത്തസാഹചര്യത്തില്‍ മൂര്‍ത്തമായി പ്രയോഗിക്കേണ്ട തത്വസമുച്ചയമെന്ന നിലയ്ക്ക് മാര്‍ക്‌സിസം-ലെനിനിസത്തെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.

മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ്റ്റ് സിദ്ധാന്തങ്ങളുടെ പ്രസക്തി കാണാതെ അവയെ തള്ളിക്കളയാനുള്ള എല്ലാത്തരം പ്രവണതകളെയും ഉറച്ചുനിന്ന് എതിര്‍ക്കാനുള്ള ആഹ്വാനമാണ് സമ്മേളനം നല്‍കിയത്. അതത് രാജ്യത്തെ ഗവണ്‍മെന്റുകള്‍ ഏതുതരം സമീപനമെടുത്താലും ആ രാജ്യങ്ങളിലെ ജനങ്ങള്‍തമ്മിലുള്ള ഐക്യവും കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികള്‍തമ്മിലുള്ള യോജിപ്പുമുണ്ടാകണമെന്ന പ്രഖ്യാപനമാണ് സമ്മേളനം നടത്തിയത്.

ഇത്തരമൊരു സമ്മേളനം നടത്താന്‍ സിപിഐ എം മുന്‍കൈയെടുത്തതിനെ സഹോദരപാര്‍ടികള്‍ അഭിനന്ദിച്ചു. പരസ്പരം ആശയവിനിമയം നടത്തിയും ഓരോ പാര്‍ടിക്കുള്ളിലും ചര്‍ച്ചകള്‍ നടത്തിയും സമ്മേളനരേഖയ്ക്ക് അവസാനരൂപം കൊടുക്കാനും തീരുമാനിച്ചു. കൊച്ചിയിലെപോലെയുള്ള കൂടിയിരിപ്പുകള്‍ ഉണ്ടാകണമെന്ന നിശ്ചയത്തിലാണ് സമ്മേളനം പിരിഞ്ഞത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷപാര്‍ടികള്‍തമ്മിലും ജനങ്ങള്‍തമ്മിലും മെച്ചപ്പെട്ട സഹകരണത്തിനും ഐക്യത്തിനുമുള്ള പുതുവഴികള്‍ കണ്ടെത്തുന്നതും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമായി സമ്മേളനം.

വലതുപക്ഷ നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ദുരിതത്തെ ചൂഷണംചെയ്ത് വോട്ടുവാങ്ങി അധികാരത്തിലെത്തിയ തീവ്രവലതുപക്ഷ കക്ഷികളുടെ ഭരണം പല രാജ്യങ്ങളിലും കടുത്ത പ്രതിസന്ധി വിളിച്ചുവരുത്തിയിരിക്കുകയാണെന്ന വസ്തുത സമ്മേളനം ആവര്‍ത്തിച്ചുറപ്പിച്ചു.

ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നവഉദാരവല്‍ക്കരണത്തിനെതിരായ പോരാട്ടം ഇടതുപക്ഷംതന്നെ നയിക്കണമെന്ന് സമ്മേളനം നിര്‍ദേശിച്ചു. അതിന് കഴിയാത്തിടങ്ങളില്‍ വലതുപക്ഷശക്തികളും മതമൌലികവാദികളും വിജയിക്കും.

അവര്‍ പിന്തുടരുന്നത് നവഉദാരനയങ്ങളാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം, ദേശീയപരമാധികാരം സംരക്ഷിക്കല്‍, വര്‍ഗീയത തടയല്‍, മതവിഭാഗീയതയെ ചെറുത്തുതോല്‍പ്പിക്കല്‍ എന്നീ നാല് കടമകളാണ് സമ്മേളനം പ്രധാനമായും മുന്നോട്ടുവച്ചത്. ഓരോ രാജ്യത്തെയും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ മോചനത്തിന് ഈ നാല് രംഗങ്ങളിലും പോരാട്ടം നടത്തി വിജയിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് ഓരോ പാര്‍ടിയും ശക്തിപ്പെടണം. ജനങ്ങളെ അണിനിരത്തുന്ന വിഷയവുമായി ബന്ധപ്പെട്ട് മതത്തോടുള്ള സമീപനവും ചര്‍ച്ചയായി. മതരാഷ്ട്രീയത്തിന്റെ വിധ്വംസകസ്വഭാവവും പരാമര്‍ശിക്കപ്പെട്ടു.

എന്നാല്‍, മതവിരുദ്ധസമീപനമില്ലാതെ, മതവിശ്വാസികളെക്കൂടി ജനകീയപോരാട്ടത്തില്‍ പങ്കാളികളാക്കുന്ന സമീപനമുണ്ടാകണമെന്ന് പൊതുവില്‍ അഭിപ്രായമുയര്‍ന്നു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കൂട്ടായ്മയായ സാര്‍ക്ക് ഉച്ചകോടി കൂടാനാകാതെ പരാജയപ്പെട്ടിരിക്കുന്നിടത്താണ് കൊച്ചിയിലെ കമ്യൂണിസ്റ്റ് ഉച്ചകോടി വിജയമായിരിക്കുന്നത്.

ബംഗ്‌ളാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത പതിമൂന്നും സിപിഐ എമ്മിന്റെ ഏഴ് പൊളിറ്റ്ബ്യൂറോ അംഗങ്ങളടക്കം പതിനൊന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ മൂന്നംഗങ്ങളും അടക്കം 27 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട നൂറോളംപേര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

നേപ്പാളില്‍നിന്ന് അവിടത്തെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നാല് പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച പാര്‍ടികളാണ് അവ. ബംഗ്‌ളാദേശില്‍നിന്ന് വര്‍ക്കേഴ്‌സ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഷേഖ് ഹസീനാമന്ത്രിസഭയില്‍ പങ്കാളിത്തംവഹിക്കുന്ന കക്ഷിയാണ് വര്‍ക്കേഴ്‌സ് പാര്‍ടി.

ശ്രീലങ്കയില്‍നിന്നാകട്ടെ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയിലെയും ജനതാവിമുക്തി പെരുമന എന്ന കക്ഷിയുടെയും നേതാക്കളെത്തി. ഈ രണ്ട് പാര്‍ടികളും ശ്രീലങ്കയില്‍ സ്വാധീനമുള്ള കക്ഷികളാണ്. പാകിസ്ഥാനില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അവാമി വര്‍ക്കേഴ്‌സ് പാര്‍ടിയുടെയും പ്രതിനിധികള്‍ക്ക് മോഡിസര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സന്ദേശം സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് സമ്മേളനം ഉയര്‍ത്തിയത്. റോഹിന്‍ഗ്യ അഭയാര്‍ഥിവിഷയവും സമ്മേളനം പരിഗണിച്ചു. അവരെ അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്ക് വലിച്ചെറിഞ്ഞ മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാടിനോടും അഭയാര്‍ഥികളോട് മനുഷ്യത്വരഹിത നിലപാട് സ്വീകരിക്കുന്ന വിവിധ ഭരണകൂടങ്ങളുടെ സമീപനത്തോടും സമ്മേളനം ശക്തിയായി വിയോജിച്ചു.

സാര്‍വദേശീയ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളിപാര്‍ടികളുടെയും യോജിപ്പിനായി സിപിഐ എം വേദിയൊരുക്കുന്നത് ആദ്യമല്ല. 1988 ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന 13-ാം പാര്‍ടി കോണ്‍ഗ്രസില്‍ത്തന്നെ സോവിയറ്റ് യൂണിയനിലെയും ചൈനയിലെയുമുള്‍പ്പെടെ രണ്ട് ഡസനോളം സഹോദരപാര്‍ടികളുടെയും പ്രസ്ഥാനങ്ങളുടെയും സൌഹാര്‍ദപ്രതിനിധികള്‍ പങ്കെടുത്തു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമാകട്ടെ 21 കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. 2009ല്‍ ഡല്‍ഹിയും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടികളുടെ സമ്മേളനത്തിന് വേദിയായി.

ഈ സമീപനത്തിന്റെ ശക്തമായ തുടര്‍ച്ചയാണ് കൊച്ചിയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം. സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും മുട്ടുകുത്തിക്കാനും സോഷ്യലിസത്തെ വിജയത്തിലെത്തിക്കാനുമുള്ള പ്രയാണത്തിലെ ചുവടുവയ്പാണ് ഈ സമ്മേളനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News